ഉദുമ: വനിതാ ഡിസിസി ജനറൽ സെക്രട്ടറിയെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡിസിസി ഓഫീസിൽ വച്ച് തെറിയഭിഷേകം നടത്തി അപമാനിച്ച സംഭവത്തെക്കുറിച്ച് കെപിസിസി പ്രതിനിധി തെളിവെടുപ്പ് നടത്തും. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ ശനിയാഴ്ച ഡിസിസി ഓഫീസിലെത്തി ബന്ധപ്പെട്ടവരിൽ നിന്നും തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച വൈകുന്നേരമാണ് ഉദുമ ബ്ലോക്കിൽ നിന്നുള്ള ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ തെറി യഭിഷേകം നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ പുനസംഘടന മായി ബന്ധപ്പെട്ടാണ് ഡി.സി.സി ജനറൽ സെക്രട്ടറിയെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തെറിയഭിഷേകം നടത്തിയത്. ഡിസിസി പ്രഖ്യാപിച്ചതിന് ശേഷം ബ്ലോക്ക് ഭാരവാഹികളുടെ ലിസ്റ്റിൽ താല്പര്യമുള്ള ഒരു വനിതാ നേതാവിനെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തിരുകിക്കയറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡിസിസി പ്രഖ്യാപിച്ചു കഴിഞ്ഞ ലിസ്റ്റിൽ തിരിമറി നടത്തിയതിനെ ചോദ്യം ചെയ്തതാണ് ബ്ലോക്ക് പ്രസിഡണ്ടിനെ പ്രകോപിപ്പിച്ചത്. ആദ്യം ടെലിഫോൺ വഴിയാണ് തെറി വിളിച്ചത്. അതിനു പിന്നാലെയാണ് ഡിസിസി ഓഫീസിൽ നേരിട്ടെത്തി തെറിയഭിഷേകം നടത്തിയത്. ജില്ലാ കോൺഗ്രസ് ഓഫീസിൽ പാർട്ടി പരിപാടി ഉണ്ടായതിനാൽ മുഴുവൻ വനിത ഭാരവാഹികളും ഓഫീസിൽ ഉണ്ടായിരുന്നു. ഇവർക്ക് മുന്നിൽ വച്ചാണ് തെറിയഭിഷേകം നടത്തിയത്. തെറിയഭിഷേകം നടത്തിയ ബ്ലോക്ക് പ്രസിഡണ്ടിനെ പുറത്താക്കണമെന്നും അല്ലെങ്കിൽ താൻ രാജി വെക്കുമെന്നും വനിത നേതാവ് ജില്ലാ നേതൃത്വത്തോട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെയാണ് സംഭവം സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയത്. കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശത്തെത്തുടർന്നാണ് രതികുമാറിനെ അന്വേഷണത്തിന്റെ ചുമതല ഏൽപ്പിച്ചത്. വ്യക്തമായ തെളിവുകൾ നൽകാൻ ബഹുഭൂരിപക്ഷം ഡിസിസി ഭാരവാഹികളും ഒരുങ്ങുന്നതായാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: