കുവൈത്ത് സിററി : കഴിഞ്ഞ രണ്ടര മാസത്തിലേറെയായി ലോക്ഡൗൺ തുടരുന്ന ജലീബ് മഹബൂല നിവാസികൾക്ക് ഇനി ആശ്വസിക്കാം. ഈ മേഖലകളിൽ നില നിന്നിരുന്ന ലോക്ക് ഡൗൺ പിൻ വലിക്കുന്നതിന് ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലേഹിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനെറ്റിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കൊറോണ ഭീതിയിൽ കുവൈത്തിൽ ആദ്യം ലോക് ഡൗൺ ചെയ്ത പ്രദേശമാണ് മലയാളികൾ ഏറ്റവും അധികം തിങ്ങി പാർക്കുന്ന അബ്ബാസിയ ഉൾപ്പെടുന്ന ജിലീബ് അൽ ശുയൂഖ്. ഘട്ടം ഘട്ടമായി മറ്റ് സ്ഥലങ്ങൾ തുറന്ന് കൊടുത്തപ്പോഴും ജലീബ് തുറക്കാൻ സർക്കാർ തയ്യാറാകാതിരുന്നത് നിരവധി പേരുടെ ജോലിയെ ബാധിച്ചിരുന്നു. അതിനിടെയാണ് ഈ മാസം 9 മുതൽ ജലീബ് അൽ ശുയൂഖിലെയും, മഹബൂലയിലെയും ലോക് ഡൗൺ മാറ്റാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഇതോടെ ജോലിക്ക് പോകാനാകാതെ നിരാശയിലും ആശങ്കയിലുമായിരുന്നവർക്കുമാണ് തീരുമാനം ആശ്വാസമാകുന്നത്. വിദേശികൾ തിങ്ങി വസിക്കുന്ന ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ അധികവും സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ്. ജോലിയും വരുമാനവും ഇല്ലാതായതോടെ ഇവർ കടുത്ത പ്രതിസന്ധിയിലും ദുരിതത്തിലുമായിരുന്നു. സമീപ ദിവസങ്ങളിലെ കോവിഡ് കേസുകൾ വിലയിരുത്തിയാണ് മഹബൂലയിലും, ജലീബ് ശുയൂഖിലും ലോക്ഡൗൺ നീക്കുന്നതിനു തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: