തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ കടലില്‍ തിരയില്‍ അകപ്പെട്ട സഹപാഠിയായ വിഷ്ണുവിനെ രക്ഷിക്കാന്‍ ഇറങ്ങി മരിച്ച ഇരട്ടപുഴ സ്വദേശികളായ ജിഷ്ണുവിനും ജഗന്നാഥനും ഗ്രാമം വിട നല്കി. കുമരന്‍പടി സ്വദേശി വിഷ്ണുവും ശക്തമായ തിരയിലും ചുഴിയിലും പെട്ട് മരിച്ചിരുന്നു. വിഷ്ണുവിന്റെ മൃതദേഹം സംഭവം നടന്ന തിങ്കളാഴ്ച രാവിലെ തന്നെ തെരച്ചിലിനിടയില്‍ മത്സ്യതൊഴിലാളികള്‍ക്ക് കിട്ടിയിരുന്നു.
ജിഷ്ണുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയിലും ജഗന്നാഥിന്റെ മൃതദേഹം ബുധനാഴ്ച രാവിലെയുമാണ് ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇരട്ടപ്പുഴയില്‍ ജിഷ്ണുവും ജഗന്നാഥനും കളിച്ചുവളര്‍ന്ന മൈതാനത്ത് മൃതദേഹങ്ങള്‍ എത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് വാഹനങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ മൈതാനം സ്ത്രീകളടക്കമുള്ള ആയിരങ്ങളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. പ്രത്യേകം തയ്യാറാക്കിയ പ്രത്യേക പന്തലില്‍ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇവരുടെ കൂട്ടുകാരും ഗ്രാമത്തിലെ അമ്മമാരും മുതിര്‍ന്നവരും കണ്ണുനീരോടയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്.
തുടര്‍ന്ന് ഇരുവരുടെയും വസതികളിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. നാടിനും വീടിനും ഏറെ പ്രിയപ്പെട്ടവരായിരുന്ന മൂന്നുപേരുടേയും ആകസ്മികമായ മരണം താങ്ങാനാവാതെ ഇരട്ടപ്പുഴ ഗ്രാമവാസികള്‍ കഴിയുകയാണ്. അവര്‍ക്ക് ഇവര്‍ മരണപ്പെട്ടു എന്ന് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വളര്‍ന്നുവന്ന മൂവരും കൊറോണകാലത്ത് ഭക്ഷ്യധാന്യകിറ്റുകള്‍ തയ്യാറാക്കുന്നതിനും വീടുകളില്‍ എത്തിക്കുന്നതിനും സജീവമായി രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയപകപോക്കലില്‍ രണ്ട് ജീവന് ബലി നല്കിയ ഗ്രാമത്തില്‍ ബൈക്ക് അപകടത്തില്‍ മറ്റൊരു പ്രവര്‍ത്തകനെ നഷ്ടപ്പെടുകയുണ്ടായി. ഇതില്‍ നിന്ന് മോചനം തേടുന്നതിനിടയിലാണ് മൂന്ന് ജീവന് കൂടി ഈ ഗ്രാമത്തിന് നഷ്ടമായത്.
ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.നാഗേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജന് തറയില്‍ മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: