തിരുവനന്തപുരം: ഇലക്ട്രിക് ബസ് നിര്‍മാണ പദ്ധതി വന്‍ വിവാദത്തിലായിരിക്കെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടത്തില്‍. സര്‍വീസിനായി എത്തിച്ച എട്ട് ഇലക്ട്രിക് ബസുകളും ഇപ്പോള്‍ ഒതുക്കിയിട്ടിരിക്കുന്നു.
പ്രതിദിനം ഒരു ബസിന് 7,146 രൂപ നഷ്ടത്തിലാണ് സര്‍വീസ്. എസി ഇലക്ട്രിക് ബസുകളുടെ നഷ്ടം ഇതിലും വര്‍ധിച്ചതോടെ രണ്ടു ബസുകളുടെ എസി മാറ്റിവച്ചാണ് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തിയത്. മഹാവോയാജ് കമ്പനിയാണ് പത്തു വര്‍ഷത്തേക്ക് ബസുകള്‍ വാടകയ്ക്കു നല്‍കിയത്. ബസും ഡ്രൈവറും കമ്പനി നല്‍കും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വൈദ്യുതിയും കണ്ടക്ടറേയും കെഎസ്ആര്‍ടിസി നല്‍കണം. ബസുകള്‍ ഒരു ദിവസം 400 കിലോമീറ്ററിലധികം ഓടിച്ചാല്‍ ഒരു കിലോമീറ്ററിന് 43 രൂപയാണ് സ്വകാര്യ കമ്പനിക്ക് നല്‍കേണ്ടത്. സര്‍വീസ് നടത്തിയില്ലെങ്കില്‍ പതിനായിരം രൂപ പ്രതിദിനം കെഎസ്ആര്‍ടിസി നല്‍കണം. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ച വന്ന് സര്‍വീസ് മുടങ്ങിയാല്‍ നല്‍കേണ്ടത് 2,000 രൂപ മാത്രം. തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളത്ത് നാലും ബസുകളാണുണ്ടായിരുന്നത്.
കെഎസ്ആര്‍ടിസിക്ക് ഒരു ബസില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം കിലോമീറ്ററിന് 30 രൂപ. ഇത് 50 രൂപയായാല്‍ മാത്രമേ നഷ്ടം ഒഴിവാക്കി മുന്നോട്ടുപോകാനാകൂ. നഷ്ടം വര്‍ദ്ധിച്ചപ്പോള്‍ സര്‍വീസ് അവസാനിപ്പിച്ച് എല്ലാ ബസും തിരുവനന്തപുരത്തെത്തിച്ചു. സര്‍വീസ് നടത്തുന്നില്ലെങ്കിലും കമ്പനിക്ക് വാടക നല്കി വരുന്നുണ്ട്. 4500 കോടി രൂപ നല്കി 3000 ബസുകള്‍ വാങ്ങുന്നതിനുള്ള വിവാദം നടക്കുന്നതിനിടയിലാണ് ഉള്ളത് നഷ്ടത്തില്‍ സര്‍വീസ് അവസാനിപ്പിച്ചത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: