ചില അത്ഭുതങ്ങള്‍ സ്പര്‍ശനങ്ങളില്‍ നിന്ന് തുടങ്ങുന്നു. ചിലത് ജീവനോപാധികളെ മാറ്റി മറിക്കുന്നു. ചിലതാകട്ടെ ജീവിതങ്ങളെ തന്നെ പരിവര്‍ത്തിപ്പിക്കുന്നു. അത്തരത്തില്‍ ഒന്നിനാണ് 2006 ല്‍ അട്ടപ്പാടി സാക്ഷ്യം വഹിച്ചത്. അവിടത്തെ ഗോത്രസമൂഹത്തിന്റെ ജീവിതങ്ങളെ അപ്പാടെ മാറ്റിമറിച്ച ഒന്നായിരുന്നു അത്. ഒരു ഡോക്ടര്‍ അവിടെ ഒരു ക്ലിനിക്ക് ആരംഭിക്കുന്നു. ഇന്ന് ഒരു സമ്പൂര്‍ണ്ണ ആശുപത്രിയായി അത് വികസിച്ചിരിക്കുന്നു. എക്സ്റേ, ഐസിയു, സ്കാനിങ്, ലബോറട്ടറി, ദന്തരോഗ വിഭാഗം, ഫാര്‍മസി, ആംബുലന്‍സ് തുടങ്ങിയവയെല്ലാം ഇന്നിവിടെയുണ്ട്.
ഒരു ഒറ്റമുറിയില്‍ ഒരു ഡോക്ടര്‍ മാത്രമായി തുടങ്ങിയ ക്ലിനിക്ക് ഇന്ന് 30 ബെഡ്ഡുകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി മാറിയിരിക്കുന്നു. ഒരു പക്ഷേ ഇതുവരെ മാറിയിട്ടില്ലാത്ത ഒന്നുണ്ട്. അത് പത്തു രൂപാ ആശുപത്രി എന്ന പേരാണ്. അട്ടപ്പാടിയിലെ വലിയ വനവാസി സമൂഹത്തില്‍ പെട്ട ആര്‍ക്കും വെറും പത്തു രൂപയ്ക്ക് ഈ ആശുപത്രിയിലെ സേവനങ്ങള്‍ ലഭ്യമാണ്. സാധാരണ ചെക്ക്അപ്പ് മുതല്‍ ഓപ്പറേഷന്, കിടത്തി ചികില്‍സ തുടങ്ങി ഇന്റന്‍സീവ് കെയര്‍ വരെ എന്തിനും പത്തു രൂപ മാത്രമാണ് രോഗി നല്‍കേണ്ടത്.
“ആദ്യത്തെ നെബുലൈസര്‍ മുതല്‍ ഓപ്പറേഷന് തീയറ്റര്‍ ഉപകരണങ്ങള്‍ വരെ ഈ ആശുപത്രിക്ക് കിട്ടിയ എല്ലാം അട്ടപ്പാടിയിലെ ഏറ്റവും പാവങ്ങളും അര്‍ഹിക്കുന്നവരുമായ രോഗികള്‍ക്കായി പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞു” ഡോക്ടര്‍ നാരായണന് പറയുന്നു
സ്വാമി വിവേകാനന്ദന്റെ ആശയങ്ങളില്‍ പ്രചോദനം കൊണ്ട് ആരംഭിച്ച ഈ ആശുപത്രിയില്‍ ഇന്ന് നാല് ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നു. ഈ വനവാസി മേഖലയിലെ ഏറ്റവും ദുര്‍ബല സമൂഹത്തെ സേവിക്കുന്നതിന് അവര്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറും രോഗികളെ പരിചരിക്കുന്നതു കൂടാതെ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ ആരോഗ്യ സേവനങ്ങള്‍ക്കായും തങ്ങളുടെ സമയം ചെലവഴിക്കുന്നു. മാനസിക ആരോഗ്യ പദ്ധതി, മദ്യ വര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, അരിവാള്‍ രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍, ഗ്രാമീണ ആരോഗ്യ പ്രവര്‍ത്തന പദ്ധതി തുടങ്ങിയവ ഇവിടെ നടന്നു വരുന്നു. ഇതിന്റെ തുടക്കം മുതല്‍ തന്നെ, സാമ്പത്തിക പരാധീനതകള്‍ നോക്കാതെ അനേകം ജനങ്ങള്‍ക്ക് ഏറ്റവും നല്ല ചികില്‍സ ലഭ്യമാക്കാന്‍ മെഡിക്കല്‍ മിഷന് കഴിഞ്ഞിരിക്കുന്നു.
കുട്ടികള്‍ക്ക് സിലബസിലെ പാഠങ്ങള്‍ക്കപ്പുറം ജീവിത വിജയത്തിനാവശ്യമായ കഴിവുകള്‍ കൂടി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന സ്കൂളാണ് വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സഹോദര സ്ഥാപനമായ മല്ലീശ്വര വിദ്യാ നികേതന്‍ സ്കൂള്‍. ഇവിടെ കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള ബന്ധം അക്കാദമിക തലങ്ങള്‍ക്കപ്പുറം ചെല്ലുന്നു. ഇവിടത്തെ കുട്ടികള്‍ നാല് ഭാഷകള്‍ പഠിക്കുന്നു. ഇംഗ്ലിഷ്, ഹിന്ദി, മലയാളം, സംസ്കൃതം എന്നിവയാണവ. പാരമ്പര്യ ജീവിത ശൈലിയും ആധുനിക നൈപുണ്യങ്ങളും വളരെ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ അവര്‍ക്ക് കഴിയുന്നു.
എന്‍ഐഓഎസ് പാഠ്യപദ്ധതിയും, ഭാരതീയ വിദ്യാ നികേതന്റെ അംഗീകാരവും ഇവിടത്തെ കുട്ടികള്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്.
“മാനവ സേവയാണ് മാധവ സേവ. സ്വാമിവിവേകാനന്ദന് ഇങ്ങനെയാണ് നമ്മെ ഉദ്ബോധിപ്പിച്ചത്. മാനവ സേവ എന്നു പറയുമ്പോള്‍ നല്ല ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍, നല്ല വിദ്യാഭ്യാസം, ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനാവശ്യമായ മറ്റ് അവസരങ്ങള്‍ ഇതെല്ലാം ജനങ്ങള്‍ക്ക് കൊടുക്കുന്നത് അതില്‍ പെടും” വിവേകാനന്ദ മെഡിക്കല്‍ മിഷന് പ്രസിഡണ്ട് വി പി എസ് മേനോന് പറയുന്നു
ആരോഗ്യ വിദ്യാഭ്യാസം മുതല്‍ സാമൂഹ്യ ശാക്തീകരണം വരെയുള്ള പ്രോജക്ടുകളിലൂടെ മിഷനിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഗ്രാമീണരെ തങ്ങളുടെ ആവശ്യങ്ങളും, പ്രശ്നങ്ങളും, അവയ്ക്കുള്ള പരിഹാരങ്ങളും കണ്ടെത്താന്‍ സഹായിക്കുന്നു. സ്വയം സഹായ സംഘങ്ങളും ഗ്രാമ വികസന കേന്ദ്രങ്ങളും വളരെ കൃത്യമായി പ്രായോഗിക നടപടികള്‍ക്ക് തുടക്കം കുറിക്കുന്നു. സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ ആവിഷ്ക്കരിച്ച പദ്ധതികളിലൂടെ 60 ഗ്രാമങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നു. 40 ഗ്രാമങ്ങളില്‍ കര്‍ഷക സംഘങ്ങള്‍ രൂപീകരിച്ചിരിക്കുന്നു. ഗ്രാമീണ പ്രതിരോധ പദ്ധതികള്‍ വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ലഹരി വിമുക്ത പരിപാടികളും നടക്കുന്നു. അഹല്യ ആശുപത്രിയുടേയും ശങ്കര ഐ ഫൗണ്ടേഷന്റെയും സഹകരണത്തോടെ സൗജന്യ നേത്ര ശസ്ത്രക്രിയകള്‍ നടക്കുന്നു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് വളണ്ടിയര്‍മാര്‍ ജനങ്ങള്‍ക്കു വേണ്ടി കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ നടത്തുന്നു. നബാര്‍ഡിന്റെ സഹായത്തോടെ നൈപുണ്യ വികസന പരിപാടികള്‍ നടക്കുന്നു. വനിതകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ കൊടുത്തിട്ടുണ്ട്. കൂടാതെ മിഷന്റെ കീഴില്‍ ഒരു തയ്യല്‍ യൂണിറ്റ് നടത്തുകയും ചെയ്യുന്നു. കുടിവെള്ളം മുതല്‍, പ്രാദേശിക അറിവുകളുടെ വികസനം, ഔഷധ സസ്യകൃഷി തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ട് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ജനജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
“ഈ സംവിധാനങ്ങള്‍ എല്ലാം നമുക്ക് ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് നിരവധി സ്ഥപനങ്ങളുടെയും വ്യക്തികളുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ കൊണ്ടാണ്” മെഡിക്കല്‍ മിഷന് പ്രസിഡണ്ട് വി പി എസ് മേനോന് പറയുന്നു.
നല്ല ആരോഗ്യത്തില്‍ നിന്നും ശരിയായ അറിവിലേക്കും അറിവില്‍ നിന്നും നൈപുണ്യ വികസനത്തിലേക്കും, നൈപുണ്യത്തില്‍ നിന്നും ജീവിതോപാധികളുടെ വികസനത്തിലേക്കും നീളുന്ന ഈ സേവയാണ് ഇവിടത്തെ ഏറ്റവും വലിയ ആരാധന. സേവനത്തിന്റെ പാതയിലൂടെ വനവാസി സഹോദരങ്ങളെ ശാക്തീകരിച്ചു കൊണ്ട് സ്വാമി വിവേകാനന്ദ മിഷന് 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇനിയും മുന്നോട്ടു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: