മുക്കം: പട്ടാപ്പകല്‍ വയോധികയെ ബോധരഹിതയാക്കി മോഷണം നടത്തിയതായി പരാതി. മുത്തേരി കിഴക്കേപിലാക്കും ചാലില്‍ ഉപ്പേരന്റെ ഭാര്യ യശോദ (65) യെയാണ് ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. യശോദ മൂന്നു വര്‍ഷമായി ഓമശേരിയിലെ ഹോട്ടലില്‍ ജീവനക്കാരിയാണ്.
ഇന്നലെ രാവിലെ ജോലിക്കു പോകുന്നതിനായി മുത്തേരി അങ്ങാടിയില്‍ നിന്ന് ഓട്ടോയില്‍ കയറി മാങ്ങാപ്പൊയിലില്‍ എത്തിയതോടെ ബോധം നഷ്ട്ടപ്പെട്ടു എന്നാണ് യശോദ പറയുന്നത്. ബോധം തിരിച്ചുകിട്ടിയപ്പോള്‍ മാങ്ങാപ്പൊയിലില്‍ റോഡരികില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു.
മൊബൈല്‍ ഫോണ്‍, സ്വര്‍ണ്ണമാല, കമ്മല്‍, പണം, തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എന്നീ രേഖകളടങ്ങിയ ബാഗും നഷ്ടമായിരുന്നു.
വസ്ത്രങ്ങളുള്‍പ്പെടെ കീറിയ നിലയിലും, ശരീരത്തില്‍ പരിക്കേറ്റ നിലയിലുമായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ആദ്യം മുക്കം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വിദഗ്ധ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: