കോഴിക്കോട്: നിരീക്ഷണത്തിലായിരുന്നവരുടെ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവായതോടെ പുതിയാപ്പയില് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. കോവിഡ് സ്ഥിരീകരിച്ച മഞ്ചേരിയില്‍ നിന്നും വന്ന ലോറി ഡ്രൈവര്‍ പുതിയാപ്പയിലെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷനിലെ വാര്‍ഡ് 75, 74 ലെ ചില ഭാഗങ്ങളും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. ആകെ 11 പേരാണ് ക്വാറന്റൈനിലുണ്ടായിരുന്നത്. ഇതില്‍ എട്ടു പേര് പുതിയാപ്പ സ്വദേശികളായിരുന്നു. ഇവരുടെ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. വെസ്റ്റ്ഹില്‍, അത്തോളി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലുള്ളവരാണ് മറ്റു മൂന്നു പേര്. ഇവര്‍ പരിശോധനാഫലം കാത്തിരിക്കുകയാണ്.
കോഴിക്കോട് നഗരത്തില്‍ വെള്ളയില്‍, കല്ലായി, ഒളവണ്ണ കമ്പിളിപ്പറമ്പ് എന്നീ പ്രദേശങ്ങള്‍ നിയന്ത്രിത മേഖലയായി തുടരും. വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്നാലിങ്കല്‍ 62, വെള്ളയില്‍ 66 ഡിവിഷനുകളും, പന്നിയങ്കര സ്റ്റേഷന് പരിധിയിലെ പയ്യാനക്കല്‍ 55 ഡിവിഷനും ഒളവണ്ണ പഞ്ചായത്തിലെ 19 -ാം വാര്‍ഡായ കമ്പിളിപ്പറമ്പുമാണ് കണ്ടെയ്മെന്റ് സോണുകള്‍. കോവിഡ് നിയന്ത്രണ നിയമങ്ങള്‍ ഇവിടങ്ങളില്‍ കര്‍ശനമാക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രമേ അവശ്യവസ്തുക്കള്‍ വില്പന നടത്തുന്ന കടകള്‍ തുറക്കുന്നുള്ളൂ. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചു വരെ കര്‍ഫ്യു കര്‍ശനമാക്കിയിട്ടുണ്ട്. നിയന്ത്രിത മേഖലയിലേക്ക് മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ പ്രവേശിക്കുന്നത് നിയന്ത്രണമുണ്ട്. എന്നാല്‍ ബീച്ച് ആശുപത്രിയിലേക്ക് വാഹനങ്ങള്‍ പോകുന്നതിന് തടസ്സമില്ല.
വെള്ളയില്‍ കോറന്റൈനില്‍ കഴിയുന്നവര്‍ ശ്രവപരിശോധനയ്ക്ക് നേരിട്ടെത്തുകയാണ് ചെയ്യുന്നത്. 35 പേരുടെ ശ്രവം ഇതിനകം പരിശോധനയ്ക്കെടുത്തിട്ടുണ്ട്. എന്നാല്‍ വെള്ളയിലെ മരണപ്പെട്ട വ്യക്തിയുടെ രണ്ട് ദിവസം കഴിഞ്ഞുള്ള പരിശോധന ഫലം ലഭിക്കുന്നതിനിടയില്‍ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചവരും അടുത്തിടപഴകിയ പലരും ജില്ലയുടെ പല ഭാഗങ്ങളിലും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: