കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച അമ്പത് വയസ്സുകാരനെ കൊളത്തൂര്‍ അദ്വൈതാശ്രമം അന്തേവാസിയാക്കി സര്‍ക്കാറിന്റെ പത്രകുറിപ്പ്. കോവിഡ് രോഗം സ്ഥിരീകരിച്ച വിവരങ്ങള്‍ സംബന്ധിച്ച് എല്ലാ ദിവസവും പിആര്‍ഡി പ്രസിദ്ധീകരിക്കുന്ന വാര്‍ത്താകുറിപ്പിലാണ് അദ്വൈതാശ്രമം അന്തേവാസിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്.
നാലരമാസം ഗുജറാത്തില്‍ താമസിച്ച് ജൂണ്‍ 29 ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ എത്തി സ്ക്രീനിങില്‍ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തുവെന്നാണ് വാര്‍ത്താ കുറിപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൊളത്തൂര്‍ അദ്വൈതാശ്രമ അന്തേവാസിക്ക് കോവിഡ് ബാധയുണ്ടായി എന്ന വാര്‍ത്ത തെറ്റാണെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വാര്‍ത്താകുറിപ്പ് നല്‍കിയതോടെയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ വാര്‍ത്താ കുറിപ്പിലെ തെറ്റ് പുറത്തായത്.
ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ കഴിയുന്ന അമ്പത് വയസ്സുകാരനായ സന്യാസിക്കാണ് യാത്രയ്ക്കിടയില്‍ രോഗം പിടിപെട്ടത്. ഇദ്ദേഹം കൊളത്തൂര്‍ സ്വദേശിയോ കോഴിക്കോട് ജില്ലക്കാരനോ പോലുമല്ല. ആശ്രമത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചപ്പോഴും അങ്ങനെയില്ലെന്ന് ആശ്രമഭാരവാഹികള് ഇന്നലെ രാവിലെ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വൈകീട്ട് ആറ് മണിക്ക് ഇറങ്ങിയ വാര്‍ത്താകുറിപ്പിലാണ് ആശ്രമവാസിക്ക് രോഗം പിടിപെട്ടു എന്ന തെറ്റായ വാര്‍ത്ത നല്‍കിയത്. ഇന്നലെ ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത. മറ്റ് ആറ് പേരെ കുറിച്ചും വാര്‍ത്തയില്‍ വ്യക്തമാക്കിയത് ആയഞ്ചേരി സ്വദേശിനി, കോടഞ്ചേരി സ്വദേശി, കാക്കൂര്‍ സ്വദേശി എന്നിങ്ങിനെയാണ്. ഇതു വരെ ഒരു രോഗിയുടെയും വീട്ടുപേരോ, താമസസ്ഥലമോ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നില്ല.
കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ അന്തേവാസിപോലുമല്ലെന്നറിഞ്ഞിട്ടും രോഗിയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും വാര്‍ത്താ കുറിപ്പില്‍ തെറ്റ് കടന്ന് വന്നത് എങ്ങനെയെന്നതാണ് ദുരൂഹമായിരിക്കുന്നത്. ജനതാകര്‍ഫ്യു മുതല്‍ ആശ്രമത്തില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുകയോ സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയോ ചെയ്യാതെ കോവിഡ് വ്യാപനത്തിനെതിരായ നടപടികള്‍ പാലിച്ച ആശ്രമത്തെയാണ് വാര്‍ത്താ കുറിപ്പില്‍ തെറ്റായി പരാമര്‍ശിച്ചത്. ഏഴര മണിയോടെയാണ് മാസ്മീഡിയ ഓഫീസറുടെ തിരുത്തിയ അറിയിപ്പ് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: