കൊറോണ വൈറസ് സമൂഹത്തില്‍ പലമാറ്റങ്ങളും വരുത്തി. ധാരാളം കാര്യങ്ങളില്‍ മാറി ചിന്തിക്കാനും ജീവിതത്തെ തന്നെ പുനഃസംഘടിപ്പിക്കാനും കൊറോണ പ്രേരണയായി. അതുവരെ ശീലിച്ചുവന്ന എല്ലാ ശീലങ്ങളെയും വേണ്ടന്നുവച്ച് പുതിയ ശീലങ്ങളിലേക്ക് ചുവടുവയ്ക്കാന്‍ കൊറോണ കാരണമായി. ശരീരദൂരം നിയമമായി മാറുന്ന കാലത്ത് വലിയ തീയറ്ററിനുള്ളില്‍ സജീവമായ പ്രേക്ഷക കൂട്ടത്തിനൊപ്പമിരുന്ന് ഇനി എന്ന് സിനിമ കാണാനാകുമെന്ന് ആര്‍ക്കും നിശ്ചയമില്ല. വൈറസ് വ്യാപനം രൂക്ഷമായി തുടങ്ങിയപ്പോള്‍, ആദ്യം താഴുവീണത് സിനിമാശാലകള്‍ക്കാണ്. വലിയ നിരാശയാണത് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മൂന്നുമാസത്തിലേറെയായി സിനിമാ ശാലകള്‍ അടഞ്ഞുകിടക്കുമ്പോള്‍ തീയറ്ററിനുള്ളിലിരുന്ന് സിനിമാ കണ്ട് രൂപപ്പെട്ട ‘കാഴ്ചയുടെ ജീവിത’മാണ് പ്രേക്ഷകന് നഷ്ടപ്പെട്ടത്.
തീയറ്ററിലേക്ക് പലദേശത്തു നിന്ന് പല അഭിരുചിയിമായി എത്തുന്നവരായിരുന്നു സിനിമാപ്രദര്‍ശനങ്ങളെ സജീവമാക്കിയിരുന്ന പ്രേക്ഷകര്‍. അവരുടെ ആരവങ്ങളും ആഘോഷങ്ങളും വികാരപ്രകടനങ്ങളുമെല്ലാം സിനിമയുടെ വിജയത്തിനും പരാജയത്തിനും കാരണമായി. വെള്ളിത്തിരയില്‍ ചലച്ചിത്രം പ്രകാശപൂരിതമാകുമ്പോള്‍ വലിയ ആള്‍ക്കൂട്ടത്തിനു നടുവിലെ ഏകാന്തതയാണ് ഓരോ പ്രേക്ഷകനും അനുഭവിക്കുന്നത്. ഇടവേളയില്‍ വീണ്ടും അവര്‍ ആള്‍ക്കൂട്ടമോ സൗഹൃദ സദസ്സുകളോ ആകുന്നു. തീയറ്ററിനുള്ളിലും പുറത്തും കാപ്പികുടിച്ചുകൊണ്ടോ, പോപ്കോണ്‍ കൊറിച്ചുകൊണ്ടോ അവര്‍ സല്ലപിക്കുന്നു. തീയറ്ററുകള്‍ സിനിമാ പ്രദര്‍ശനത്തിലൂടെ മാത്രമല്ല, ആസ്വാദ്യകരമാകുന്നത്. അതിനുമപ്പുറം അവിടെ രൂപപ്പെടുന്ന അന്തരീക്ഷം ആഹഌദകരമാണ്. ഇപ്പോള്‍ മള്‍ട്ടിപ്ലക്സുകളില്‍ സിനിമാ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തീയറ്ററിനുള്ളിലെത്തും. മുമ്പ് നാട്ടിന് പുറത്തെ ‘കൊട്ടക’കളില്‍ കടല വില്പനക്കാരന് എത്തിയിരുന്നതുപോലെ. സിനിമ എന്ന അദ്ഭുതം ഒരുമിച്ചിരുന്ന് ആസ്വദിച്ച ശേഷം, പല അഭിരുചിയുള്ള പ്രേക്ഷകര്‍ ഒന്നിച്ച് പുറത്തേക്കു വരുമ്പോഴുള്ള അനുഭവം വിവരണാതീതമാണ്. കാലമെത്ര മാറിയാലും, സാങ്കേതിക വിദ്യ വളരെയധികം പൂഗമിച്ചാലും തീയറ്ററിനുള്ളില്‍ കാണുന്ന സിനിമ അനിവാര്യമാകുന്നതും അതിനാലാണ്.
ഒരോ പ്രതിസന്ധിയും പുതിയ സാധ്യതകളുടെ വാതില്‍ കൂടി തുറന്നിടുന്നു എന്ന് പറയാറുണ്ട്. കൊറോണ സമൂഹത്തെയാകെ പ്രതിസന്ധിയിലാക്കിയപ്പോള്‍ സിനിമാ മേഖലയ്ക്കും അതില്‍ നിന്ന് മാറി നില്ക്കാനായില്ല. നിര്‍മ്മാണവും പ്രദര്‍ശനവും നിലച്ചതോടെ ആ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വലിയ സമൂഹത്തിനാണ് വരുമാനമില്ലാതായത്. നിര്‍മ്മാണം കഴിഞ്ഞ നിരവധി ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാകാതെ പെട്ടിക്കുള്ളിലിരിക്കുന്നു. ഇത് നിര്‍മ്മാതാവിന് വലിയ നഷ്ടം വരുത്തുന്നു. അപ്പോഴാണ് സിനിമാ പ്രദര്‍ശനത്തിനുള്ള പുതുവഴികള്‍ തേടിയത്. സിനിമകള്‍ ഓര്‍വര്‍ ദി ടോപ് (ഒടിടി) പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുക എന്ന ചിന്തയിലേക്ക് മാറിയതങ്ങനെയാണ്. ആമസോണ്‍ പ്രൈം, നെറ്റ് ഫഌക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറായി. വീട്ടിലെ ടെലിവിഷനിലോ മൊബൈല്‍ഫോണിലോ സിനിമ കാണാം. ഓരോരുത്തരുടെയും വീട്ടിലേക്കാണ് സിനിമകള്‍ റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയാണിതിനുള്ളത്.
മലയാളത്തില്‍ ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് ഇത്തരത്തില്‍ റിലീസ് ചെയ്യുന്ന ആദ്യ സിനിമ. ഇതിനെതിരെ സിനിമാ നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗവും തീയറ്റര്‍ ഉടമകളുടെ സംഘടനകളും രംഗത്തു വന്നു കഴിഞ്ഞു. പുതിയ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം സിനിമയുടെ ഓണ്‍ലൈന്‍ റിലീസിംഗിനെ സ്വീകരിക്കുകയും സിനിമകള്‍ ഒന്നൊന്നായി ഈ വഴി പിന്തുടരുകയും ചെയ്താല്‍ തീയറ്ററുകള്‍ ഇല്ലാതാകുമോ എന്ന ഭയമാണ് എതിര്‍പ്പിനു പിന്നില്‍. അമിതാഭ് ബച്ചന്റെ പുതിയ ചിത്രം ‘ഗുലാബോ സിതാബോ’, വിദ്യാബാലന് നായികയായ ‘ശകുന്തളാദേവി’, ജ്യോതിക അഭിനയിച്ച തമിഴ് ചിത്രം ‘പൊന്മകള് വന്താല്‍’ തുടങ്ങിയ നിരവധി സിനിമകള്‍ ഓണ്‍ലൈന്‍ വഴി ഓരോ വീട്ടിലേക്കും റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ കണ്ടില്ലെന്ന് നടിച്ച് ഒരു വിനോദ വ്യവസായത്തിനും മുന്നോട്ടു പോകാനാകില്ല. ശരീരദൂരം കര്‍ശനമായി പാലിക്കേണ്ട കാലമാണ് ഇനി വരാന്‍പോകുന്നതും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉണ്ടായപ്പോള്‍ പലചരക്ക് കടകള്‍ ഇല്ലാതായതുപോലെ, ഓണ്‍ലൈന്‍ ഡെലിവറി സംവിധാനമുണ്ടായപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിലനില്‍പ്പില്ലാതായപോലെ തീയറ്ററുകള്‍ക്കും ഭാവിയില്‍ അരങ്ങൊഴിയേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം.
ഓടിടി വേദികള്‍ക്ക് പ്രതിസന്ധികളേറെയുള്ളതുപോലെ സൗകര്യങ്ങളുമുണ്ട്. നിശ്ചിത സമയക്രമം പാലിക്കാതെ ഇവിടെ സിനിമകാണാം. നഗരത്തിന്റെ തിക്കിത്തിരക്കുകളില്‍ യാത്ര ചെയ്ത് തീയറ്ററുകളിലെത്തേണ്ടതില്ല. ഹോം തീയറ്റര്‍ സംവിധാനം ഓരോ വീടിന്റെയും ഭാഗമാകുന്ന കാലവും അതി വിദൂരമല്ല. വികസിത രാജ്യങ്ങളുടെ അടയാളം ഇതെല്ലാമാകുമ്പോള്‍ നമ്മുടെ രാജ്യത്തിനും അതില്‍ നിന്ന് മാറി നില്‍ക്കാനാകില്ല. അപ്പോഴും ഇതില്‍ നിന്നെല്ലാം അകന്ന്, ഇതെല്ലാം അപ്രാപ്യമായ വലിയൊരു സമൂഹം ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യവും അംഗീകരിക്കേണ്ടിവരും. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹമെന്നത് ഏതു രാജ്യത്തിന്റെയും പ്രത്യേകതയായി നിലനില്ക്കുക തന്നെ ചെയ്യും. സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളൊന്നും അവരെ തേടിവരുന്നില്ല.
സിനിമയുടെ ഓണ്‍ലൈന്‍ റിലീസിംഗിന്റെ പ്രധാനപ്പെട്ട സൗകര്യമായി ചിലര്‍ കരുതുന്നതും, വലിയ കുഴപ്പമായി ഭവിക്കാവുന്നതും അതിന്റെ സെന്‍സറിംഗാണ്. ഒടിടി പ്ലാറ്റ് ഫോമിലെ റിലീസിംഗിന് നിലവില്‍ സാമ്പ്രദായിക സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവിലെ നിയമമനുസരിച്ച് തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍ക്കേ സെന്‍സറിംഗ് ആവശ്യമുള്ളൂ. നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്തുവരുന്ന സീരിയലുകള്‍ ഏതുതരത്തിലുള്ള ആഭാസം കാട്ടിയാലും സെന്‍സര്‍ബോര്‍ഡിന്റെ കത്തി അവരിലേക്ക് എത്തുന്നില്ല. ഒരു പക്ഷേ ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസിംഗ് സാര്‍വ്വത്രികമാകുമ്പോള്‍ സര്‍ക്കാരിന് അവയെയും സെന്‍സറിംഗിന് വിധേയമാക്കേണ്ടി വന്നേക്കാം. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് തന്നെ പിരിച്ചുവിടണമെന്ന അഭിപ്രായം വലിയതോതിലുള്ളപ്പോള്‍ മാറുന്ന കാലത്ത് മാറി ചിന്തിക്കേണ്ടിയും വന്നുകൂടായ്കയില്ല. എല്ലാത്തിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിട്ടുവിളിക്കുകയുമാകാം.
ഇപ്പോള്‍ ഓടിടി റിലീസിംഗിന് തയ്യാറെടുക്കുന്ന ചിത്രങ്ങളൊന്നും അതിനുവേണ്ടി നിര്‍മ്മിച്ചവയല്ല. സവിശേഷ സാഹചര്യത്തില്‍ അതിനു നിര്‍ബന്ധിതമായതാണ്. എന്നാല്‍ ഭാവിയില്‍ ഓണ്‍ലൈന്‍ റിലീസിംഗിനായി മാത്രം സിനിമകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യും. കാര്യമിങ്ങനെയെല്ലാമാണെങ്കിലും തീയറ്റര്‍ എന്ന പൊതു ഇടത്തെ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകരേറെയും. നാടകവും സിനിമയുമൊക്കെ ഒരു കൂട്ടം ആസ്വാദകരുടെ കൂട്ടത്തിലിരുന്ന്, കയ്യടിച്ചും കൂക്കിവിളിച്ചും കടലകൊറിച്ചും സ്റ്റേജിലും വെള്ളിത്തിരയിലും കാണാനാണ് പ്രേക്ഷകനേറെ താല്പര്യം. ആ അനുഭവത്തെ മറ്റൊന്നിനും മാറ്റിമറിക്കാനോ പകരമാകാനോ കഴിയില്ല. തീയറ്ററിനുള്ളിലിരിക്കുന്നവരെല്ലാം അപരിചിതരായ മനുഷ്യരായിട്ടു കൂടി, സിനിമയെന്ന കാഴ്ചാനുഭവത്തിന്റെ തോളിലേറി അവരെല്ലാം ഒറ്റെക്കെട്ടാകുന്നു. സിനിമയെന്ന കലയും അത് പ്രദാനം ചെയ്യുന്ന തീയറ്റര്‍ അനുഭവവും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഒരു സാങ്കേതിക വിദ്യയ്ക്കും കഴിയില്ലെന്ന് ഉറപ്പിച്ച് പറയാനാകുന്നതും അതിനാലാണ്. പക്ഷേ, കാലം മാറുമ്പോള്‍ വലിയ തിരശ്ശീലകള്‍ ഇല്ലാതാകുകയും വീട്ടിലെ ആസ്വാദന മുറിയിലേക്ക് സിനിമകളുടെ ആദ്യപ്രദര്‍ശനം എത്തുകയും ചെയ്യും എന്നു തന്നെയാണ് നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: