കണ്ണൂർ: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജല ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ ഈ വര്‍ഷം 64000 കണക്ഷനുകള്‍ നല്‍കാന്‍ പദ്ധതി തയ്യാറാകുന്നു. ജില്ലയിലെ 43 ഗ്രാമ പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തിനൊപ്പം 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തണം. പദ്ധതിയുടെ 10 ശതമാനം ഗുണഭോക്തൃ വിഹിതമായി കണ്ടെത്തണമെന്നാണ് വ്യവസ്ഥ. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ജല ശുചിത്വ മിഷനാണ് പദ്ധതിയുടെ ജില്ലയിലെ നിര്‍വഹണ ചുമതല. പഞ്ചായത്തുകളുടെയും ഗുണഭോക്തൃ കമ്മിറ്റികളുടെയും ഉത്തരവാദിത്തത്തിലായിരിക്കും നടത്തിപ്പും പരിപാലനവും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും 15 ശതമാനം തുക വകയിരുത്തി ഭേദഗതി പദ്ധതി പ്രൊജെക്ടുകള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ജല ശുചിത്വ മിഷന്‍ രൂപീകരണ യോഗം നിര്‍ദേശിച്ചു. 15 ശതമാനം വിഹിതം അടച്ചാലേ പദ്ധതി ബന്ധപ്പെട്ട പഞ്ചായത്തില്‍ ആരംഭിക്കാനാവൂ. ഗുണഭോക്തൃ വിഹിതം വഹിക്കാന്‍ കഴിയാത്തവരുള്ള പ്രദേശങ്ങളില്‍ എംഎല്‍എ ഫണ്ടും എംപി ഫണ്ടും വിവിധ സ്ഥാപനങ്ങളുടെ പൊതു നന്മ ഫണ്ടും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് ഈ പദ്ധതി നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പഞ്ചായത്തുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥഥരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: