ആത്മതത്വ നിരൂപണം തുടരുന്നു.
ശ്ലോകം 218
ഘടോദകേ ബിംബിതമര്‍ക്കബിംബം
ആലോക്യ മൂഢോ രവിമേവ മന്യതേ
തഥാ ചിദാഭാസമുപാധിസംസ്ഥം
ഭ്രാന്ത്യാഹമിത്യേവ ജഡോളഭിമന്യതേ
കുടത്തിലെ വെള്ളത്തില്‍ സൂര്യന്റെ പ്രതിബിംബം കണ്ടിട്ട് അത് സൂര്യന് തന്നെയെന്ന് മൂഢന് കരുതും. അതുപോലെ അന്തഃകരണത്തില്‍ ആത്മാവിന്റെ പ്രതിബിംബമായ, ഉപാധിസ്ഥനായ ചിദാഭാസനെ കണ്ട് അത് താന്‍ തന്നെയെന്ന് അജ്ഞാനി കരുതും.
സൂര്യനും സൂര്യന്റെ പ്രതിബിംബവും വേറെയാണ്. അതു പോലെ തന്നെയാണ് ആത്മാവും ആത്മാവിന്റെ പ്രതിബിംബമായ ചിദാഭാസന്‍ എന്നറിയപ്പെടുന്ന ജീവനും. പ്രതിബിംബത്തെ അഥവാ പ്രതിഫലനത്തെ ആരും യഥാര്‍ത്ഥ വസ്തുവായി കാണില്ല. കണ്ണാടിയില്‍ കാണുന്ന എന്റെ രൂപം പ്രതിബിംബം മാത്രമെന്ന് ബോധിച്ചില്ലെങ്കില്‍ അത് വലിയ അപകടമാണ്. മൂഢരായവര്‍ മാത്രമേ പ്രതിബിംബത്തെ കണ്ട് യഥാര്‍ത്ഥ വസ്തുവെന്ന് തെറ്റിദ്ധരിക്കുകയുള്ളൂ.
സൂര്യന്റെ പ്രതിബിംബം കുടത്തിലെ വെള്ളത്തിലും മുറ്റത്തെ കിണറ്റിലും കുളത്തിലുമൊക്കെ കാണാം. പക്ഷേ അതൊന്നും സൂര്യനല്ല. പ്രതിബിംബത്തെ സൂര്യനെന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്. പ്രതിബിംബിത ചൈതന്യമായ ജീവനെ ആത്മാവെന്ന് കരുതുന്നതും മൂഢതയാണ്. രണ്ടും പ്രതിബിംബമാണ് സൂര്യന് വെള്ളത്തിലും ആത്മാവ് മനോബുദ്ധി വൃത്തിയിലും പ്രതിഫലിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. ചന്ദ്രനോ സൂര്യനോ വെള്ളത്തില്‍ വീണുവെന്ന് പറയുന്നത് മൂഢരാണ്.
കുട്ടികള്‍ക്ക് തമാശയ്ക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാം. വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീഴുന്നതും കയ്യില്‍ കോരിയെടുക്കുന്നതുമൊക്കെ ഒരു നേരംപോക്ക് മാത്രമാണ്. പ്രതിബിംബം വ്യക്തമായി കാണാന്‍ നല്ല പ്രതലം വേണം. കണ്ണാടിയോ തെളിഞ്ഞ ജലമോ മറ്റോ. വെള്ളത്തിന്റെ ഇളക്കം പ്രതിബിംബത്തെ ബാധിക്കും. പാത്രത്തിലേയോ കുളത്തിലേയോ വെള്ളം ഇളകുമ്പോള്‍ പ്രതിബിംബം ഇളകിയാടും, പൊട്ടിത്തകരും. അതുപോലെ മനോബുദ്ധിവൃത്തികളുടെ താളത്തിനൊത്ത് തുള്ളുന്ന പ്രതിഫലിത ചൈതന്യജീവനും പ്രശ്നങ്ങളുണ്ടാകും. ഞാന്‍ ഞാന്‍ എന്ന ഭാവം തികട്ടി തികട്ടിവരും. ഞാന്‍ കേമന്‍, ഞാന്‍ സുന്ദരന്‍, ഞാന്‍ നല്ലയാള്, ഞാന്‍ ചീത്ത തുടങ്ങിയ ചിന്തകളൊക്കെ ഇതിന്റെ ഇളകിയാട്ടങ്ങളാണ്. ഉപാധികളില്‍ തത്തിക്കളിക്കുന്ന ചിദാഭാസന്‍ കര്‍തൃത്വഭോക്തൃത്വ അഭിമാനിയ ജീവന് തന്നെയാണ്. ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്ന് നിരന്തരം അഭിമാനിച്ചു കൊണ്ടേയിരിക്കും.
തന്റെ പ്രതിബിംബത്തിന് സംഭവിക്കുന്ന തകരാറുകളൊന്നും സൂര്യനെ ഒട്ടും ബാധിക്കുന്നില്ല. അത് എങ്ങും എവിടെയും പഴയപോലെ തന്നെ പ്രകാശം പൊഴിച്ചു കൊണ്ടേയിരിക്കും. ആത്മസൂര്യന്റെ കാര്യവും അപ്രകാരമാണ്. ജീവനെ ബാധിക്കുന്ന ഒരു കാര്യവും ആത്മാവിനെ ബാധിക്കുന്നില്ല. അറിവില്ലാത്തവര്‍ മാത്രമേ ജീവന്റെ സംസാര ദുരിതങ്ങള്‍ ആത്മാവിനെ ബാധിക്കുമെന്ന് പറയുകയുള്ളൂ. പ്രതിബിംബത്തിന് സംഭവിക്കുന്ന തകരാറുകളൊന്നും തന്നെ ബാധിക്കുകയില്ല എന്ന് അറിവുള്ളവര്‍ക്ക് മനസ്സിലാകും. വിഡ്ഢിക്ക് അതറിയില്ല.അതിനാല്‍ തന്നെ അയാള്‍ക്ക് വലിയ വേവലാതിയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: