പുനലൂര്‍: കാലവര്‍ഷം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും തെന്മല പരപ്പാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ജലനിരപ്പ് രണ്ടുമീറ്റര്‍ കുറവാണ്. 95.52 ആണ് ഇന്നത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇത് 97 മീറ്ററായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനാലാണ് മൂന്നുനദികളില്‍ നിന്നും കൂടുതല്‍ ജലം സംഭരണിയിലേക്ക് എത്താത്തത്.
തിരുവനന്തപുരം ജില്ലയിലെ പൊന്മുടി വരെയുള്ള ഭാഗമാണ് തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശം. 2018ല്‍ പ്രളയസമയത്ത് ആഗസ്റ്റ് 15 മുതല്‍ 20 വരെയാണ് ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. അന്ന് മൂന്നു ഷട്ടറുകളും കൂടുതല്‍ ഉയരത്തില്‍ തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു. അന്ന് പുനലൂര്‍ പട്ടണത്തിലേത് അടക്കം താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം കേരളത്തിലെ ഡാമുകളില്‍ പരമാവധി സംഭരണശേഷി വരെ വെള്ളം ശേഖരിക്കാതെ നിയന്ത്രിതഅളവില് ഒഴുക്കാന്‍ അന്ന് തീരുമാനിച്ചിരുന്നു.
ഇപ്പോള്‍ ഏഴര മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ ഉപയോഗിച്ചുമാത്രമാണ് വൈദ്യുതോത്പാദനം നടക്കുന്നത്. നേരത്തെ 15 മെഗാവാട്ടിന്റെ 2 ജനറേറ്ററായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വൈദ്യുതോത്പാദനത്തിനായി ഡിസ്പേഴ്സറി വാല്‍വ് വഴി ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ചെറുകിട ജലവാഹിനീ വ്യൂഹ പദ്ധതിയായ (മൈനര്‍ കണ്‍വയന്‍സ് സിസ്റ്റം) കല്ലട ജലസേചനപദ്ധതിയുടെ ഇടതു-വലതു കര കനാലുകളിലൂടെയും ഉള്ള ജലവിതരണം ഒരുമാസമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇപ്പോള്‍ ഡാമില്‍ നിന്ന് വരുന്ന ജലം പൂര്‍ണമായും കല്ലടയാറ്റിലേക്കാണ് ഒഴുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: