കോഴിക്കോട്:വി.ടി. ജിഷ്ണുവിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ തങ്കത്തിളക്കം. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് ജിഷ്ണു വീണ്ടും നാട്ടിലെ താരമായത്. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ നാനൂറു മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയതിന്റെ ആഹ്ളാദാരവങ്ങള്‍ക്കിടെയാണ് ജിഷ്ണു എസ്എസ്എല്‍സി പരീക്ഷക്കുള്ള കഠിനപരിശ്രമത്തിനിറങ്ങിയത്. ട്യൂഷന് പോലും ഇല്ലാതെയാണ് ജിഷ്ണുവിന്റെ ഈ നേട്ടമെന്ന് അറിയുമ്പോഴാണ് ഫുള്‍ എപ്ലസിന് തിളക്കമേറുന്നത്. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം സ്കൂള്‍ വിദ്യാര്‍ത്ഥിയായ ജിഷ്ണു അണ്ടര്‍-14 റഗ്ബി കേരള ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്.
കോട്ടയത്ത് നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ നാനൂറു മീറ്റര്‍ ഓട്ടത്തില്‍ മത്സരാര്‍ത്ഥിയായിരുന്നു ജിഷ്ണു. മീറ്റിനിടെ ഹാമര്‍ത്രോ വീണ് മത്സരാര്‍ത്ഥി മരിച്ചതോടെ മത്സരങ്ങള്‍ മാറ്റിവെച്ചു. ഫെബ്രുവരി 10 മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ മത്സരങ്ങള്‍ പുനരാരംഭിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മുന്നൊരുക്കം നടക്കുന്നതിനിടെയാണ് മത്സരം എത്തിയതെങ്കിലും മീറ്റ് വേണ്ടെന്ന് വെക്കാന്‍ ജിഷ്ണു തയ്യാറായില്ല.
മീറ്റിനുവേണ്ടി രാവിലെയും വൈകിട്ടും പരിശീലനമായിരുന്നു. വിനു കെ. വിശ്വനാഥിന്റെ കീഴിലായിരുന്നു പരിശീലനം. മറ്റു കുട്ടികള്‍ പഠിക്കാനിരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തില്‍ പരിശീലനത്തിലാകും ജിഷ്ണു. ആ പരിശീലീനത്തിന്റെ ഫലമായി ലഭിച്ചതാകട്ടെ നാനൂറു മീറ്റര്‍ ഓട്ടത്തിലെ വെള്ളി മെഡലും.
മീറ്റിന് ശേഷമുള്ള മൂന്നാഴ്ചത്തെ കഠിനപരിശ്രമമാണ് ഫുള്‍ എപ്ലസില്‍ എത്തിച്ചതെന്ന് ജിഷ്ണു പറഞ്ഞു. സ്കൂള്‍ അദ്ധ്യാപകരും സുഹൃത്തുക്കളും മികച്ച പിന്തുണയാണ് നല്‍കിയത്. അദ്ധ്യാപകര്‍ ഒഴിവു സമയങ്ങളില്‍ പ്രത്യേകം ക്ലാസുകള്‍ എടുത്തു നല്‍കുകയും ചെയ്തു. ക്ലാസ് അദ്ധ്യാപിക സുധ കൊടക്കാട്, കണക്ക് അദ്ധ്യാപിക മിനി, സുഹൃത്തുക്കളായ കെ.എസ്. അഭിനവ്, ഹരികൃഷ്ണന് എന്നിവര്‍ പഠിക്കുന്നതിനാവശ്യമായ എല്ലാ സഹായവും ചെയ്തു നല്‍കിയെന്നും ജിഷ്ണു പറഞ്ഞു. വിദ്യാനികേതന്‍ സംസ്ഥാന കായികമേളയിലും മീററ്റില്‍ നടന്ന വിദ്യാഭാരതി ദേശീയ അത്ലറ്റിക്സ് മീറ്റിലും ജിഷ്ണു പങ്കെടുത്തിട്ടുണ്ട്.
സ്പോര്‍ട്സും പഠനവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ജിഷ്ണുവിന്റെ ആഗ്രഹം. പ്ലസ് വണ്‍ കൊമേഴ്സ് എടുത്ത് പഠിക്കാനാണ് തീരുമാനം. പിന്തുണയേകി അച്ഛന് കോട്ടൂളി മീമ്പാലകുന്ന് കണിയാറക്കല്‍ വീട്ടില്‍ വി.ടി. ജയനും അമ്മ കെ.എം. ജാന്സിയും സഹോദരി ശ്രീലക്ഷ്മിയും കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: