കട്ടപ്പന: അപകടത്തില്‍ പരിക്കേറ്റ പൂച്ചയ്ക്ക് നടക്കാന്‍ വീല്‍ച്ചെയര്‍ നിര്‍മ്മിച്ച് നല്കി മൃഗ ഡോക്ടറും ഉടമയും. കൊറോണ കാലത്ത് പോലും മനുഷ്യന് സഹജീവി സ്നേഹം മറക്കുമ്പോഴാണ് ഇത്തരമൊരു ഉദാത്ത മാതൃക പുറത്ത് വരുന്നത്.
മുരിക്കാശേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ റോമിയോ സണ്ണിയുടെ നേതൃത്വത്തിലാണ് വീല്‍ ചെയര്‍ നിര്‍മ്മിച്ച് നല്‍കിയത്. പതിനാറാം കണ്ടം സ്വദേശിയായ സൈനബയുടെ പൊന്നച്ചന് എന്ന പേരുള്ള പൂച്ചക്കാണ് നായുടെ ആക്രമണത്തില്‍ നടുവിന് ക്ഷതം സംഭവിച്ചത്. ഇതോടെ പിന്നിലെ ഇരുകാലുകളും തളര്‍ന്ന അവസ്ഥയിലായി. പൊന്നുപോലെ കൊണ്ടുനടന്ന പൊന്നച്ചന്റെ ഈ അവസ്ഥ താങ്ങാവുന്നതിലും അപ്പുറമായിരുന്നു സൈനബക്ക്.
തുടര്‍ന്ന് മുരിക്കാശേരി മൃഗാശുപതിയിലേക്ക് പൂച്ചയെ എത്തിച്ചു. വേണ്ട പരിചരണവും നടത്തിയെങ്കിലും നടക്കാനായില്ല. ഡോ. റോമിയോ സണ്ണി വീല്‍ചെയര്‍ ഉണ്ടാക്കിയതോടെ പൂച്ചക്ക് നടക്കാവുന്ന അവസ്ഥയിലായി. പൈപ്പുകളും ബോള്‍ വയറിങ്ങും ചെരുപ്പും ഒക്കെ വെച്ചാണ് വീല്‍ ചെയര്‍ നിര്‍മ്മിച്ചത്. റെഡിമെയ്ഡ് ആയിവാങ്ങണമെങ്കില് ഇതിന് അയ്യായിരത്തിലധികം രൂപ ചെലവ് വരുമായിരുന്നു. ഇപ്പോള്‍ അഞ്ഞൂറ് രൂപയ്ക്ക് താഴെയാണ് ഈ ഉപകരണത്തിന് ചെലവായത്.
ആശുപത്രി ജീവനക്കാരായ ചന്ദ്രബാബു, ബ്രിന്റ, ജെസി തുടങ്ങിയവര്‍ വീല്‍ചെയര്‍ ഉണ്ടാക്കുവാന്‍ ഡോക്ടറെ സഹായിച്ചു. പൊന്നച്ചന്റെ ചികിത്സയില്‍ പ്രതീക്ഷയുണ്ടെന്നും ഏതാനും മാസങ്ങള്‍ക്കകം പൊന്നച്ചന് സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: