ചാരുംമൂട് (ആലപ്പുഴ): ഒന്‍പതുവയസുകാരി മകള്‍ക്ക് ഗുരുതര രോഗം ബാധിച്ചതില്‍ മനംനൊന്ത് അച്ഛന് ആശുപത്രിയില്‍ ജീവനൊടുക്കി. നൂറനാട് പാലമേല്‍ എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കര വീട്ടില്‍ ബി. ചന്ദ്രബാബു(38)വിനെയാണ് ഇന്നലെ രാവിലെ തിരുവനന്തപുരം എസ്എടി ആശുപത്രി വളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്ത അമ്പലത്തിലെ ഉത്സവദിവസം ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദേവു(ചന്ദന- 9)വിന്റെ അച്ഛനാണ് ചന്ദ്രബാബു.
തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോകുന്ന ഗുരുതര രോഗത്തിന് ചികിത്സയിലാണ് ദേവു. ചന്ദ്രബാബുവും ഭാര്യ രജിതയും ദേവുവിന് ഒപ്പമുണ്ടായിരുന്നു. നൂറനാട് സിബിഎംഎച്ച്എസ്എസ് സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ദേവു. പെയിന്റിങ് തൊഴിലാളിയാണ് ചന്ദ്രബാബു. ഒരു വര്‍ഷം മുമ്പ് നൂറനാട് പുത്തന്‍വിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് സ്വയം മറന്ന് ചുവടുവെച്ച ദേവുവിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിന്നിരുന്നതിനാല്‍ ദേവുവിന്റെ ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജന്മഭൂമി അടക്കമുള്ള പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ചികിത്സാ സഹായ നിധിയിലേക്കുള്ള അമ്മയുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി വളരെ വൈകി എസ്എടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന മകളെ ചന്ദ്രബാബു കണ്ടിരുന്നു. മകള്‍ ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന തോന്നലാകാം ആത്മഹത്യക്ക് പ്രേരണയായതെന്ന് കരുതുന്നു.
ഇദ്ദേഹത്തിനു ദേവൂവിനെ കൂടാതെ മറ്റൊരു മകള്‍ കൂടി ജനിച്ചിരുന്നെങ്കിലും അധിക ദിവസമാകുന്നതിനു മുമ്പുതന്നെ മരണപ്പെട്ടിരുന്നു. ചന്ദ്രബാബുവിന്റെ ആത്മഹത്യ വിവരമറിഞ്ഞ നൂറനാട് ഗ്രാമം ഞെട്ടലിലാണ്. പോലീസ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ദേവൂവിന്റെ മുഴുവന്‍ ചികിത്സാച്ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് മാവേലിക്കര എംഎല്‍എ ആര്.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: