ജനീവ: ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നെന്ന് ലോകാരോഗ്യ സംഘടന. ലാറ്റിനമേരിക്കയിലും കരീബിയന്‍ നാടുകളിലുമാണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ ലോകത്തെ പത്ത് രാജ്യങ്ങളില്‍ യുഎസ്എ, ബ്രസീല്‍, പെറു, ചിലി, മെക്‌സിക്കോ രാജ്യങ്ങള്‍ ഈ രണ്ട് ഭൂഖണ്ഡങ്ങളിലാണ്, ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ പരിപാടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാന്‍ വ്യക്തമാക്കി.
സംഘടനയുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്നലെ 1,25,000 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ലോകത്ത് രോഗികള്‍ 64 ലക്ഷമായി. മരണം 3.8 ലക്ഷം. ആറേകാല്‍ ലക്ഷത്തോളം പേര്‍ ഇതുവരെ വൈറസ് മുക്തരായി. 53,407 പേരുടെ നില ഗുരുതരമായി തുടരുന്നു.
യുഎസ്എ
യുഎസില്‍ ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത് 21,118 പേര്‍ക്ക്. ഇതോടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 18.7 ലക്ഷമായി. 784 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ മരണം 1,06,927. ആറു ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി. 16,949 പേര്‍ ഗുരുതരാവസ്ഥയില്‍. രണ്ടാംഘട്ട ലോക്ഡൗണ്‍ ഇളവുകളിലേക്ക് നീങ്ങാന്‍ തുടങ്ങിയ വാഷിങ്ടണില്‍ രോഗവ്യാപന നിരക്ക് വീണ്ടുമുയര്‍ന്നു.
ബ്രസീല്‍
മെയില്‍ ബ്രസീലിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മെയ് ഒന്നിന് വൈറസ് ബാധിതര്‍ 91,589 ആയിരുന്ന രാജ്യത്ത് ഒരു മാസം കൊണ്ട് രോഗികള്‍ അഞ്ചേകാല്‍ ലക്ഷം കവിഞ്ഞു. മൂന്ന് ദിവസം മുന്‍പ് വരെ പ്രതിദിനം 25,000 പേര്‍ക്കാണ് കൊറോണ കണ്ടെത്തിയത്. എന്നാല്‍, ഇത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 12,247 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. 623 പേര്‍ ഇന്നലെയും ബ്രസീലില്‍ മരിച്ചു. ഇതോടെ ആകെ മരണം 29,937.
ദക്ഷിണ കൊറിയ
രണ്ടാം വരവില്‍ ദക്ഷിണ കൊറിയയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചും പുതിയ ക്ലസ്റ്ററുകള്‍ രൂപമെടുക്കുന്നു. ഇഞ്ചിയോണില്‍ പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്ത ചിലര്‍ക്കാണ് രോഗം കണ്ടെത്തിയത്. മാസ്‌ക് ധരിക്കാതെയാണ് കൂടുതല്‍ പേരും പ്രാര്‍ഥനയ്‌ക്കെത്തിയത്. ഇതും രോഗവ്യാപനമായി സര്‍ക്കാര്‍ വിലയിരുത്തുന്നു. 11,541 പേരാണ് രാജ്യത്താകെ പല ഘട്ടങ്ങളിലായുണ്ടായ വൈറസ് വ്യാപനത്തില്‍ ബാധിതരായത്. ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 272 ആയി. 38 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.
സിംഗപ്പൂര്‍
വിദേശികളായ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് വ്യാപനം അതിരൂക്ഷമായ സിംഗപ്പൂരില്‍ തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. 14 ലക്ഷം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്ത് 60,000 പേര്‍ക്ക് കൂടിയുള്ള ഡോര്‍മെറ്ററികള്‍ നിര്‍മിക്കാനാണ് പദ്ധതി. ആകെ 35,292 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയ സിംഗപ്പൂരില്‍ 33,027 ബാധിതരും കുടിയേറ്റ തൊഴിലാളികള്‍. ഇന്നലെ മാത്രം 408 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നു.
ഇന്തോനേഷ്യ ഹജ് റദ്ദാക്കി
ഇന്തോനേഷ്യ ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനം പാടെ റദ്ദാക്കി. കൊറോണക്കെതിരായ കരുതല്‍ എന്ന നിലയ്‌ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: