ഡോക്ടര്‍ എന്നത് വെറുമൊരു ജോലിയല്ല. സമൂഹത്തോട് എപ്പോഴും പ്രതിബദ്ധത പുലര്‍ത്തേണ്ട മഹത്തായ കര്‍മ്മമാണത്. അതു മനസ്സിലാക്കിത്തന്നെയാണ് നമ്മുടെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നതും. രോഗ പ്രതിസന്ധികളുടെ കാലത്ത് നമുക്കത് അനുഭവിക്കാനായി. തങ്ങളുടേതായ എല്ലാ സുരക്ഷാ ആശങ്കകളും മാറ്റിവച്ച് അവര്‍ സമൂഹത്തിനുവേണ്ടി രംഗത്തിറങ്ങി. കൊറോണക്കാലത്ത് രോഗം പകരുമെന്ന ഭീതി നിലനില്‍ക്കുമ്പോഴും ശരീരാവരണമണിഞ്ഞ് മണിക്കൂറുകളോളം അവര്‍ കര്‍മ്മ നിരതരായി. രോഗ വ്യാപനത്തിന്റെ ഇക്കാലത്ത് ഡോക്ടര്‍മാര്‍ നമുക്ക് ദൈവങ്ങളെപ്പോലെയായിരുന്നു. ദൈവത്തിന്റെ സ്പര്ശമറിഞ്ഞവര് അവര്‍ക്ക് നന്ദിപറഞ്ഞു. കൊറോണ പ്രതിസന്ധി കൂടിവരുന്ന കാലത്തുതന്നെയാണ് ഡോക്ടര്‍ ദിനം നാം അചരിച്ചത്.
കൊറോണക്കെതിരെ പടപൊരുതുന്ന ഡോക്ടര്‍മാര്‍ക്ക് രാജ്യം ആദരമര്‍പ്പിച്ചു. പ്രധാനമന്ത്രി ഡോക്ടര്‍മാര്‍ക്ക് തൊഴുകൈകളോടെയാണ് നന്ദിപറഞ്ഞത്. 130 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാരതത്തില്‍ കൊറോണ വ്യാപനം കുറയ്ക്കാനായതും മരണത്തിന്റെ രൂക്ഷത മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞതും ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ ഇടപെടലിലൂടെയാണ്. സ്വന്തം ജീവന് പണയം വച്ചാണ് മഹാമാരി പടര്‍ന്നു പിടിക്കുന്ന കാലത്ത് അവര്‍ ജനങ്ങളുടെ രക്ഷയ്ക്കിറങ്ങിയത്. അതിനാല്‍ തന്നെ ഡോക്ടര്‍മാരുടെ ജീവന്റെ, സേവനത്തിന്റെ വില ഓര്‍മ്മിക്കാന്‍ കൂടി ഡോക്ടര്‍ ദിനത്തെ നാം ഉപയോഗപ്പെടുത്തുന്നു. കൊറോണ ചികിത്സയ്ക്കും രോഗീപരിചരണത്തിനുംമുന്തൂക്കം നല്കിയ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇക്കാലത്ത് ജീവന് ബലിനല്‍കേണ്ടി വന്നു. നമ്മുടെ രാജ്യത്ത് ഇതിനോടകം ജീവന് നഷ്ടമായത് 58 ഡോക്ടര്‍മാര്‍ക്കാണ്.
ദല്‍ഹിയിലാണ് ഏറ്റവും അധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായത്. 2200 ഡോക്ടര്‍മാരടക്കമുള്ളവര്‍ കൊറോണ രോഗബാധിതരായി. രോഗികളില്‍ നിന്ന് അവരിലേക്ക് രോഗം പകര്‍ന്നു. രോഗപ്രതിരോധത്തിനുള്ള പിപിഇ കിറ്റടക്കം ധരിച്ചാണ് ഡോക്ടര്‍മാര്‍ കൊറോണ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍, ചിലപ്പോഴെങ്കിലും സുരക്ഷാ ഉപകരണങ്ങള്‍ നല്കുന്നതില് വീഴ്ചവരുന്നുണ്ട്.
ഡോ. ബി. സി.റോയ് എന്ന പ്രതിഭാശാലിയായ ഡോക്ടറോടുള്ള ബഹുമാനാര്‍ഥമാണ് ഇന്ത്യയില്‍ ജൂലൈ ഒന്ന് ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത്. സ്വാതന്ത്ര്യസമര നായകനുമായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ജൂലായ് ഒന്ന്. ഡോക്ടര്‍മാരുടെ മാതൃകാ ജീവിതം ഉയര്‍ത്തിക്കാട്ടാനും അവരെ ആദരിക്കാനുമാണീ ദിനം മാറ്റിവയ്ക്കുന്നത്. ആര്യ വൈദ്യന്മാരും പാരമ്പര്യ വൈദ്യന്മാരും നാട്ടു ചികിത്സകരും ഹോമിയോപ്പതിക്കാരും യുനാനി ചികിത്സകരും ദന്ത ചികിത്സകരും അലോപ്പതി ഡോക്ടര്‍മാരുമടക്കം ആരോഗ്യ പരിപാലന ചികിത്സാ രംഗങ്ങളില്‍ മറ്റുള്ളവര്‍ക്കായി ജീവിക്കുന്ന ലക്ഷക്കണക്കിന് ഡോക്ടര്‍മാരാണുളളത്. ഇന്ന് ഡോക്ടര്‍-രോഗി ബന്ധം പല കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ വഴി വൈദ്യ ശാസ്ത്ര വിവരങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് ലഭ്യമാണ്. രോഗങ്ങളെ കുറിച്ചും രോഗത്തെ കുറിച്ചും ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധമുള്ള ഇക്കാലത്ത് ഡോക്ടര്‍ തന്റെ സേവനത്തില്‍ അതീവ ശ്രദ്ധാലു ആകേണ്ടതുണ്ട്.
രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് നാമവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നത് അവരുടെ ആവശ്യങ്ങള്‍ കൂടി നിര്വ്വഹിച്ചുകൊണ്ടാകണം. കൊറോണക്കാലത്തും ഡോക്ടര്‍മാര്‍ക്ക് സമരം ചെയ്യേണ്ടിവരുന്നു എന്നത് വേദനയുണ്ടാക്കുന്നു. അവര്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ക്കായി എല്ലാം നല്കാന് നമ്മള്, നമ്മുടെ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. കൊറോണയ്ക്കെതിരെ സ്വന്തം ജീവന് അപായപ്പെടുത്തിയും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ശമ്പളം പിടിച്ചെടുത്തത് നീതീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ ആ തെറ്റു തിരുത്തണം എന്നു മാത്രമല്ല, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിക്കാനും തയ്യാറാകണം. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പ്രഖ്യാപിച്ചു. കേരളത്തിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിനാണ് ഇപ്പോള്‍ 50 ലക്ഷം രൂപ വീതം ലഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകരെ ദൈവത്തെ പോലെ കാണുന്ന സമൂഹമാണ് നമ്മുടേത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നമുക്ക് തലകുനിച്ച് ആദരമര്‍പ്പിക്കുന്നതോടൊപ്പം അവരുടെ ആശങ്കകള്‍ക്ക് പരിഹാരവും കാണുന്നതിന് ശ്രമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: