ചൈനയില്‍ വികസിപ്പിച്ച കമ്പ്യൂട്ടര്‍- മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയപ്പോള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരും ഉള്ളില്‍ വേദനിക്കുന്ന പലരുമുണ്ട്. ചൈനയോടുള്ള വിരോധവും പ്രേമവുമാണ് അവര്‍ ഇരുകൂട്ടര്‍ക്കും അടിത്തറ. വൈകാരികമായും രാഷ്ട്രീയമായും പ്രതികരിക്കുമ്പോള്‍ രാജ്യതാല്‍പ്പര്യം അടിസ്ഥാനമാക്കിയാല്‍ കിട്ടിയ അവസരത്തില്‍ രാജ്യം ഒന്നടങ്കം ആഹ്ലാദിക്കുകയാണ് വേണ്ടതെന്നത് വേറേ കാര്യം.
ഇന്ത്യ പൊഖ്റാനില്‍ നടത്തിയ രണ്ടാം അണുപരീക്ഷണത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ക്ക് സമാനമാണ് ഇപ്പോഴത്തെ അന്തരീക്ഷം. രാജ്യസ്നേഹത്തിന്റെയും ദേശീയ ബോധത്തിന്റെയും ഹൈ വോള്‍ട്ടേജ് തെളിഞ്ഞുനിന്നു, അന്ന് വാജ്പേയി സര്‍ക്കാരിന്റെ നടപടിക്കെതിരേ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധകാലത്തെ ഇന്ത്യയില്‍. ശരിയാണ്, അന്ന് അണുപരീക്ഷണത്തെ എതിര്‍ക്കുകയും ഉപരോധം ഇന്ത്യക്ക് താങ്ങാനാവില്ലെന്ന് ആരോപിക്കുകയും ഉള്ളാലെ ആഹ്ലാദിക്കുകയും ചെയ്തവര്‍ അന്നും ഉണ്ടായിരുന്നു, ഇന്നത്തെപ്പോലെ. പക്ഷേ, ഉപരോധം ഇന്ത്യക്ക് മികച്ച അവസരമായി. രാജ്യത്തിന്റെ വിദേശ കടം കുറഞ്ഞു, കടംവീട്ടല്‍ത്തോത് കൂടി. ഉല്‍പ്പാദന നിരക്ക് വര്‍ധിച്ചു. രാജ്യം സ്വയംപര്യാപ്തതയിലേക്ക് കുതിച്ചു.
ഇപ്പോള്‍, കൊറോണക്കാലത്ത് സ്വയം പര്യാപ്തരാകാനുള്ള ജനങ്ങളുടെ ശ്രമത്തില്‍ അടുക്കളത്തോട്ടങ്ങള്‍ പുനര്‍ജനിച്ചുവെന്നും അവനവനാവശ്യമുള്ളത് സ്വയം ഉല്‍പ്പാദിപ്പിക്കാന്‍ മനസ്സുണര്‍ന്നുവെന്നുമെല്ലാം ആഘോഷിച്ചവര്‍ പക്ഷേ, ചൈനയുടെ ആപ്പ് നിരോധിച്ചപ്പോള്‍ അത്തരം നേട്ടങ്ങള്‍ ഉണ്ടാകുന്നുവെന്നും ഉണ്ടാകുമെന്നും ഉണ്ടാക്കണമെന്നും പറയാന്‍ മടിക്കുന്നുവെന്നതാണ് വിചിത്രം.
ഇന്ത്യ-ചൈനാ ആപ്പുകള്‍ നിരോധിച്ചതിനെ ചൈന എതിര്‍ക്കുമ്പോള്‍ ചൈനയ്ക്ക് ധാര്‍മികമായി അതിനെന്ത് അവകാശമെന്ന് ചോദിക്കരുത്. കാരണം ധര്‍മം ചൈനയ്ക്കില്ലതന്നെ. മാത്രവുമല്ല, ചൈന വളരെ മുമ്പുതന്നെ അവര്‍ക്ക് ഇഷ്ടമല്ലാത്തതൊക്കെ നിരോധിച്ചിരുന്നു. ഭാഷയെ, സംസ്കാരത്തെ, സാങ്കേതികതയെ… അങ്ങനെ സാധ്യമായതിനെ എല്ലാം. സ്വന്തം പൗരന്മാര്ക്ക് സര്‍വ്വവിധ സ്വാതന്ത്ര്യങ്ങളും നിയന്ത്രിതമാക്കിയ ഒരു രാജ്യത്തെക്കുറിച്ചാണ് നമ്മള് പറയുന്നതെന്നുമോര്‍ക്കണം. അതവരുടെ കാര്യം. നിരോധനത്തിനു ശേഷം ചൈന ഒഴിച്ചിട്ട സ്ഥാനത്ത് മറ്റാരെങ്കിലും കടന്നു വരാന്‍ കാത്തിരിക്കണോ, ഇന്ത്യ ആ വിടവ് നികത്തണോ എന്നതാണ് പ്രധാന ചോദ്യം. ഇന്ത്യക്കുതന്നെ ആ നേട്ടം കിട്ടാന്‍ ഏറെ ചെയ്യാനുണ്ട്. അതില്‍ ഏറ്റവും വലിയ പങ്കു വഹിക്കാവുന്ന സംസ്ഥാനമാണ് കേരളം എന്നതാണ് പ്രത്യേകത. എന്നാല്‍, ആ വെല്ലുവിളിയും അവസരവുമൊക്കെ കേരളം വിനിയോഗിക്കുമോ?
ഐടി രംഗത്ത്, ചൈനയുടെ വിലക്ക് സോഫ്റ്റ്വെയര് പ്രോഗ്രാമുകളിലും ഹാര്‍ഡ്വെയറിലും ഇന്ത്യയില്‍ നടപ്പാകുമ്പോള്‍ വലിയ വിടവുതന്നെ ഉണ്ടാകും. ഇവിടേക്ക് കണ്ണുനട്ട്, രണ്ടാം നിരക്കാരായി തായ്വാന്, കൊറിയ, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളുണ്ട്. ഇന്ത്യയില്‍ ഉല്‍പ്പാദനം നടക്കണം. ഗവേഷണം, നിരീക്ഷണം, വികസനം, ഉല്‍പ്പാദനം എന്നിവയുടെ സംയുക്ത പ്രവര്‍ത്തനം ഉണ്ടാവണം. അതിനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സംഭവിച്ചതിന്റെ അനന്തര ഘട്ടമാണ് ഇനി നരേന്ദ്ര മോദി സര്‍ക്കാര്‍. ചില നിര്ബന്ധങ്ങളില് തൂങ്ങി, കേരളം അതില്‍നിന്ന് മാറി നില്‍ക്കാതിരിക്കുകയാണ് അത്യാവശ്യം.
മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചെറുകിട ഉല്‍പ്പാദനങ്ങള്‍ക്കേ ഇതുവരെ കേരളത്തിനായുള്ളൂ. വന്‍കിട മേഖലയില്‍ ഒന്നും സംഭവിച്ചില്ല. കേരളത്തെക്കുറിച്ച് ഏറെ അറിയാവുന്ന അമിതാഭ് കാന്ത് എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് പദ്ധതിയുടെ തലപ്പത്ത്. പക്ഷേ, മോദി സര്‍ക്കാരിന്റെ എല്ലാ പരിപാടികളോടും കാട്ടിയ അതേ വിമുഖത സംസ്ഥാന സര്‍ക്കാര്‍ മേക് ഇന്‍ ഇന്ത്യയിലും കാട്ടി. എന്നാല്‍, മേക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ തുടങ്ങിയത് കേരളത്തിലാണ്. അതില്‍ സ്വകാര്യ- വൈയക്തിക പ്രയത്നങ്ങളാണ് ഏറെയും.
ഐടി എനേബിള്‍ഡ് ഇലക്ട്രോാണിക് നോളജ് ഫോഴ്സ് (വിവരസാങ്കേതികവിദ്യയില്‍ പ്രവര്‍ത്തന സജ്ജമാകുന്ന ഇലക്ട്രോണിക് മേഖലയിലെ വിജ്ഞാന ശക്തി) ഏറ്റവുമുള്ളതാണ് കേരളം. കൊച്ചു സംസ്ഥാനത്ത് നാല് പ്രധാന വിമാനത്താവളങ്ങളുണ്ടാക്കുന്ന യാത്രാ സൗകര്യം, വലുപ്പച്ചെറുപ്പംകൊണ്ട് ഇന്റര്‍നെറ്റ് ലഭ്യത ഏറെ, സാങ്കേതിക മേഖലയില്‍ ഇംഗ്ലീഷ് പരിജ്ഞാനം താരതമ്യേന ഏറെ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം തുടങ്ങിയവ കേരളത്തിന് അനുകൂല സാഹചര്യങ്ങളാണ്.
പക്ഷേ, മറ്റ് സംസ്ഥാനങ്ങള്‍ മുന്നേറിയ തോതില്‍ കേരളത്തിന്റെ വളര്‍ച്ച, ഐടി രംഗത്ത് ഉണ്ടായോ എന്ന വിലയിരുത്തലും, ഉണ്ടാകുമോ എന്ന ആശങ്കയുമാണിപ്പോള്‍. ആന്ധ്രയെ ഐടി ഹബ്ബാക്കാന്‍, മുഖ്യമന്ത്രിയായിരിക്കെ ചന്ദ്രബാബു നായിഡു ഹൈദരാബാദില്‍ ഏറെ ശ്രമിച്ചു. പക്ഷേ, തുടര്‍ന്നു വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്നോട്ടു പോയി. ആന്ധ്ര വിഭജിച്ചുണ്ടായ തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകന് ആപ്പിള്‍ പോലുള്ള ഐടി കമ്പനികളെ സംസ്ഥാനത്ത് ക്ഷണിച്ചുവരുത്തി സൗകര്യങ്ങള്‍ നല്കി സംരംഭങ്ങള്‍ തുടങ്ങി. തമിഴ്നാട്ടിലും കര്‍ണാടകയിലും ഐടി മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ക്ക് സൗകര്യങ്ങള്‍ നല്കാന് കഴിയാത്ത തരത്തില്‍ നിറഞ്ഞു. പക്ഷേ, കേരളത്തില്‍ സംരംഭകത്വ സമ്മേളനങ്ങളും ഉച്ചകോടികളും നടക്കുന്ന വാര്‍ത്തകള്‍ വരുന്നു. ഫലത്തില്‍ നടപടികളില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രസക്തിയേറെയാണ്. സൗകര്യങ്ങളേറെ, പക്ഷേ അതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളില്ല.
എഞ്ചിനീയറിങ് പഠന സൗകര്യം ഏറെയുണ്ടിവിടെ. പക്ഷേ, പഠിച്ചുകഴിഞ്ഞാല്‍ സംസ്ഥാനം വിട്ടാലേ ജീവിതമുള്ളു. സൗകര്യങ്ങള്‍ വിനിയോഗിക്കുന്നില്ല. ഈ രംഗത്ത് പ്ലസ് ടു തലത്തില്‍ ഗവേഷണവും പഠനവും നിര്‍വഹണവും നടത്താവുന്ന സാധ്യതകള്‍ വിനിയോഗിക്കുന്നില്ല. ഐടി മേഖലയില്‍ അത്തരമൊരു സംവിധാനം വന്നാല്‍ കേരളം ഐടി രംഗത്ത് നമ്പര്‍ വണ്‍ ആകും. കാരണം, കേരളത്തിന് സ്മാര്‍ട് സിറ്റികളല്ല, സ്മാര്‍ട് വില്ലേജുകള്‍ക്കു പോലും സാധ്യത ഏറെയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഗ്രാമങ്ങളില്‍ പോലും ലഭ്യമാകുന്ന ഇന്റര്‍നെറ്റ് സംവിധാനം, യുവ സാങ്കേതിക വിദഗ്ദ്ധരുടെ സാന്നിദ്ധ്യം, കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് എന്ന് പറയുന്ന കെ ഫോണ്‍ സംവിധാനത്തിന്റെ വികസനം എല്ലാം അനുകൂലം. പക്ഷേ, ചില വന്‍കിട ഇടപാടുകള്‍ക്കപ്പുറം കാര്യങ്ങള്‍ നടക്കുന്നില്ല എന്നതാണ് വാസ്തവം. അതിന് ഇടതുപക്ഷ മുന്നണിയുടേതോ ഐക്യ ജനാധിപത്യ മുന്നണിയുടേതോ എന്ന ഭരണ ഭേദമില്ല എന്ന പ്രത്യേകതയുമണ്ട്.
കൊച്ചിയിലെ സ്മാര്‍ട് സിറ്റി ആരു കൊണ്ടുവന്നു, ആരു തറക്കല്ലിട്ടു, ആര് തുറന്നുകൊടുത്തു എന്ന ചോദ്യം വരട്ടെ. തര്‍ക്കവും വിവാദവും അവകാശവാദവുമായിരിക്കും. പക്ഷേ, എന്തുകൊണ്ട് അവിടെ ഒരു ബഹുരാഷ്ട്ര കമ്പനിയും വന്നിട്ടില്ലെന്നു ചോദിച്ചാല്‍ പരസ്പരം പഴിപറയും. പുറത്തുപറയുമ്പോള്‍ പേരുകള്‍ നിരത്തും. പക്ഷേ ആ കമ്പനികളുടെ ലെയ്സണ്‍ ഓഫീസ് മാത്രമായിരിക്കും കൊച്ചി സ്മാര്‍ട് സിറ്റിയ്ക്കുള്ളില്‍. കൂറ്റന്‍ കെട്ടിടത്തിലെ മുറുക്കാന്‍ കടകള്‍ പോലെ. ബഹുരാഷ്ട്ര കമ്പനികള്‍ വന്നാലേ ഇവിടെ തൊഴില്‍ അവസരവും നിക്ഷേപ സാധ്യതയും ഉണ്ടാകൂ. ഇപ്പോള്‍ ഇന്‍ഫോ പാര്ക്കിന് പുറത്തുണ്ടായിരുന്ന ജില്ലയിലെ ചെറു കമ്പനികള്‍ ഒരു വലിയ കെട്ടിടത്തിലെത്തിയെന്നതിനപ്പുറം ഒന്നുമില്ല.
ഇവിടെ സര്‍ക്കാരിന് ചെയ്യാവുന്ന അഞ്ചു കാര്യങ്ങളുണ്ട്. ആദ്യം കാമ്പസുകളില്‍ ഐടി മേളകള്‍ നടത്തുക. പുതിയ പരീക്ഷണങ്ങള്‍, ആശയങ്ങള്‍, വികസിപ്പിക്കലുകള്‍, പദ്ധതി വിഭാവനങ്ങള്‍ എന്നിവ നടക്കട്ടെ. രണ്ടാമതായി, സ്റ്റാര്‍ട്ടപ്പുകളും വിദ്യാര്‍ഥികളും ചേര്‍ന്ന് നൂതന പദ്ധതികള്‍ ആവിഷ്കരിക്കട്ടെ, മൂന്ന്: വിവിധ കമ്പനികളെ വികസിപ്പിക്കുന്ന പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനത്തിന് ക്ഷണിക്കട്ടെ. ശ്മശാന ഭൂമികള്‍ പോലെ സംസ്ഥാന വ്യവസായ വകുപ്പ് കൈക്കലാക്കി കാലിയാക്കിയിട്ടിരിക്കുന്ന വ്യവസായ പാര്‍ക്കുകളും വ്യവസായ എസ്റ്റേറ്റുകളും ഉല്‍പ്പാദന കേന്ദ്രങ്ങളായി തുറന്നുകൊടുക്കട്ടെ. നാല്: വിവിധ ഉല്‍പ്പാദന സ്ഥാപനങ്ങളെ സംസ്ഥാന താല്പര്യം മാത്രം നോക്കി ക്ഷണിക്കട്ടെ, അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കട്ടെ. അവസാനമായി, ഈ മണ്ണിലേക്ക് വരാനാവാത്ത ഇതര സംസ്ഥാനങ്ങളിലെ കമ്പനികള്‍ക്ക് കേരളത്തിനു വേണ്ടി ഉല്‍പ്പാദനം നടത്താന്‍ അവസരമൊരുക്കട്ടെ. അങ്ങനെ മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കേരളം സക്രിയമാകട്ടെ. പക്ഷേ, കമ്പ്യൂട്ടറിനെ ശത്രുവായിക്കണ്ട, ഐടി എന്നാല്‍ ഒട്ടും വഴങ്ങാത്ത വിഷയമായിക്കാണുന്ന ഭരണകര്‍ത്താക്കള്‍ക്ക് ഈ ആശയങ്ങള്‍ പിന്തിരിപ്പനാകും. അതാണ് ഏറ്റവും വലിയ തടസവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: