ജനീവ: കൊറോണ മഹാമാരി വ്യാപനം തുടങ്ങി ഏഴാം മാസത്തിലേക്ക് കടന്നിട്ടും കടിഞ്ഞാണിടാനാകാതെ ലോകം. ചൈനയില്‍ അജ്ഞാത വൈറസ് മനുഷ്യനെ ബാധിക്കുന്നുവെന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിട്ട് ആറു മാസം പിന്നിട്ടതായി ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. എന്നാല്‍, വ്യാപനം അടുത്തൊന്നും അവസാനിക്കില്ലെന്നും പല രാജ്യങ്ങളിലും സ്ഥിതി കൂടുതല്‍ വഷളായതായും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ചും മനുഷ്യനിലേക്ക് വൈറസ് എത്തിയതെങ്ങനെയെന്നും പഠിക്കാന്‍ ലോകാരോഗ്യ സംഘടന വിദഗ്ധ സംഘത്തെ അടുത്തയാഴ്ച ചൈനയിലേക്ക് അയയ്ക്കുമെന്നും ഗെബ്രിയേസസ് പറഞ്ഞു. ഇതുവരെ 1.05 കോടി പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെ ജീവന് നഷ്ടപ്പെട്ടത് 5.08 ലക്ഷം പേര്‍ക്ക്. 56.9 ലക്ഷം പേര് രോഗമുക്തരായി.
ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 26.8 ലക്ഷം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും പുതിയ രോഗികളുടെ എണ്ണം അമേരിക്കയില്‍ നാല്‍പ്പതിനായിരം കടന്നു. 41,586 പേര്‍ക്ക് 24 മണിക്കൂറില്‍ വൈറസ് ബാധ കണ്ടെത്തി. ആകെ 1.28 ലക്ഷം പേര് മരിച്ചു. 11.2 ലക്ഷം പേര് രോഗമുക്തരായി. 36 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉയരുന്നു. ലോക്ഡൗണിന് ഇളവ് പ്രഖ്യാപിക്കാനുള്ള തീരുമാനം പതിനാറോളം സംസ്ഥാനങ്ങള്‍ വേണ്ടെന്നുവച്ചു. ന്യൂയോര്‍ക്കിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കണോയെന്നതില്‍ പുനര്‍ചിന്തനം നടത്തുമെന്ന് ഗവര്‍ണര്‍ ആന്റണി ഫൗസി അറിയിച്ചു.
ബ്രസീലില്‍ 25,234 പേര്‍ക്കു കൂടി കൊറോണ കണ്ടെത്തി. ഇതോടെ ആകെ രോഗികള്‍ 13.7 ലക്ഷമായി. 727 പേര്‍ക്കു കൂടി ജീവന് നഷ്ടപ്പെട്ടു. ആകെ മരണം 58,385 ആയി. 7.57 ലക്ഷം പേര് ഇതുവരെ രോഗമുക്തരായി. 8318 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 2021ലെ ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷന് ഉച്ചകോടി ഓണ്ലൈനിലൂടെയാക്കുമെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നവംബറില്‍ ഓക്ലന്ഡില് നടക്കാനിരുന്ന ഉച്ചകോടിയാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയത്.
ലോകത്തെ വൈറസ് വ്യാപനത്തിന്റെ വിവരങ്ങള്‍ രാജ്യം, വൈറസ് ബാധിതര്‍, മരണം ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍. റഷ്യ-6,47,849 (9,320), ബ്രിട്ടന്-3,11,965 (43,575), സ്പെയ്ന്‍- 2,96,050(28,346), പെറു-2,82,365 (9,504), ചിലി-2,75,999 (5,575), ഇറ്റലി-2,40,436 (34,744), ഇറാന്-2,27,662 (10,817), മെക്സിക്കോ-2,20,657 (27,121).
പ്രതികരിക്കാൻ ഇവിടെ എഴുതുക: