കോഴിക്കോട്: ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി പ്രഖ്യാപിച്ച സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ തിരുത്തി. ടൈപ്പിങ്ങില്‍ സംഭവിച്ച പിഴവാണെന്നാണ് വിശദീകരണം. ഉത്തരവ് വിവാദമായതോടെയാണ് കമ്മിഷന് തിരുത്തല്‍ ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ പരാതിക്കാരന് മരിച്ചെന്ന മൊഴി വിശ്വസിച്ച് പരാതി തീര്‍പ്പാക്കിയ ഉത്തരവില്‍ മാറ്റമില്ല. കിരണ്‍ബാബുവിന് രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയെന്നും പരാതി പരിഹരിച്ചെന്നുമുള്ള കെഎഫ്സിയുടെ വാദം അംഗീകരിച്ച് കേസ് തീര്‍പ്പാക്കുന്നുവെന്നാണ് പുതിയ ഉത്തരവ്.
കോഴിക്കോട് എരഞ്ഞിക്കല്‍ ബാപ്പയില്‍ വീട്ടില്‍ കിരണ്ബാബുവിനെയാണ് മരിച്ചതായി പ്രഖ്യാപിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന് ഉത്തരവ് ഇറക്കിയത്. കൃത്യമായ രേഖകള്‍ നല്കാതിരിക്കാന് കേരള ഫിനാന്‍സ് കോര്‍പ്പറേഷനുമായി (കെഎഫ്സി) ഒത്തുകളിച്ചാണ് സംസ്ഥാന വിവരാവകാശ കമ്മീഷന് തെറ്റായ ഉത്തരവിറക്കിയത്.
തന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് ലോണുമായി ബന്ധപ്പെട്ടുള്ള വിവരം ലഭിക്കുന്നതിനായി കെഎഫ്സി പബ്ലിക് ഇന്ഫര് ഓഫീസര്‍ക്ക് കിരണ്‍ബാബു അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വ്യക്തമല്ലാത്ത മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് മുമ്പാകെ അപേക്ഷ നല്കി എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു മറുപടിയും നല്‍കാതെ പകരം അപ്പീല്‍ തീര്‍പ്പാക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവാണ് നല്‍കിയത്. കിരണ്‍ ബാബു മരിച്ചുപോയെന്ന് കെഎഫ്സി ഉദ്യോഗസ്ഥന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ തീര്‍പ്പാക്കിയെന്നാണ് കാരണമായി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎഫ്സി ഉദ്യോഗസ്ഥനെതിരെയും സംസ്ഥാന വിവരാവകാശ കമ്മീഷനെതിരെയും നിയമനടപടിയുമായി കിരണ്‍ബാബു മുന്നോട്ട് പോകുന്നതിനെയാണ് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഉത്തരവ് തിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: