ന്യൂദല്‍ഹി: ചൈന വഴങ്ങാത്ത സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയില്‍ ടി 90 യുദ്ധടാങ്കുകളും വിന്യസിച്ചു തുടങ്ങി. ലഡാക്കിലെ 1597 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഉടനീളം 155 എംഎം ഹൊവിറ്റ്സര്‍ തോക്കുകള്‍ ഘടിപ്പിച്ച ആറു ടാങ്കുകളും ഇതര യുദ്ധവാഹനങ്ങളും ഇന്ത്യ സജ്ജമാക്കി.
മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് ടി 90 ടാങ്കുകള്‍. ഇവയ്ക്കു പുറമേ തോളില്‍ നിന്ന് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളും ഗല്‍വാന്‍ താഴ്വരയില് ഒരുക്കിയിട്ടുണ്ട്. വിമാനങ്ങളും മിസൈലുകളും നേരത്തെ തന്നെ വിന്യസിച്ചിരുന്നു. ഗല്‍വാന്‍ നദീതടം അടക്കമുള്ള സ്ഥലങ്ങളില്‍ ചൈന സൈനിക വിന്യാസം ശക്തമാക്കിയതിനാലാണ് ഇന്ത്യയും ടി 90 ഭീഷ്മ ടാങ്കുകള്‍ വിന്യസിക്കാന്‍ നിശ്ചയിച്ചത്. നിയന്ത്രണരേഖയില്‍ ഇന്ത്യയുടെ ഭാഗത്തുള്ള മലനിരകളിലെല്ലാം സൈനികരെ അണിനിരത്തിയിട്ടുണ്ട്. ചുഷൂലില്‍ മാത്രം രണ്ടു ടാങ്ക് റെജിമെന്റുകള്‍ സജ്ജരാക്കി.
അതിനിടെ പാങ്ഗോങ്, ഗല്‍വാന്‍, ഡെപ്സാങ് എന്നിവിടങ്ങളില്‍ ഇന്ത്യ ഘാതക് പ്ലറ്റൂണിലുള്ള കൂടുതല്‍ സൈനികരെ നിയോഗിച്ചു. വെറും കൈകൊണ്ടുപോലും ശത്രുക്കളെ കീഴ്പ്പെടുത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവര്‍. ഗല്‍വാന്‍ മേഖല അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. ഗല്‍വാന്‍ നദിയിലെ വെള്ളത്തിന്റെ താപനില ഇപ്പോള്‍ മൈനസ് പത്താണ്. നദീതടം തണുത്തുറയുന്നു. ഇതോടെ ചൈനീസ് സൈനികര്‍ക്ക് ഇനി ഇവിടെ അധിക കാലം കഴിയാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: