ന്യൂദല്‍ഹി: ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പുറമേ ചൈനയ്ക്കെതിരായ വ്യാപാര യുദ്ധം ഇന്ത്യ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 5 ജി സംവിധാനത്തിന് ഉപയോഗിക്കുന്ന ചൈനീസ് ഉപകരണവും എസി അടക്കമുള്ള പന്ത്രണ്ടിലേറെ വസ്തുക്കളുടെ ഇറക്കുമതിയും വിലക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍.
അതിവേഗ ഇന്റര്‍നെറ്റിന് ഹുവാവെ അടക്കമുള്ള ചൈനീസ് കമ്പനികളുടെ ഉപകരണം ഇനി വാങ്ങേണ്ടെന്നാണ് ചര്‍ച്ചകളില്‍ ഉയരുന്ന അഭിപ്രായം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ 5 ജി വിഷയം ചര്‍ച്ച ചെയ്തിരുന്നു. രാജ്യമാകെ 5 ജിയിലേക്ക് മാറാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. 59 ചൈനീസ് ആപ്പുകള്‍ വിലക്കാന്‍ തീരുമാനിച്ചത് ഈ യോഗത്തിലായിരുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ 5 ജി സ്പെക്ട്രം ലേലം ഒരു വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു. ലേലം പുനരാരംഭിക്കുന്നതോടെ ചൈനീസ് ഉപകരണത്തിന് വിലക്ക് വന്നേക്കും. 4 ജി സ്പെക്ട്രം ടെന്‍ഡറുകളില്‍ ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ കേന്ദ്രം ബിഎസ്എന്‍എല്ലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചൈനീസ് ഉപകരണങ്ങള്‍ വാങ്ങരുതെന്ന് സ്വകാര്യ ടെലികോം കമ്പനികളോടും നിര്‍ദേശിച്ചിരുന്നു.
ഇതിനു പുറമേ എയര്‍ കണ്ടീഷണറുകള്‍, അവയുടെ ഘടകഭാഗങ്ങള്‍, ടിവി സെറ്റുകളുടെ ഭാഗങ്ങള്‍, ഉരുക്ക്, ലിഥിയം അയണ്‍ ബാറ്ററികള്‍, ആന്റിബയോട്ടിക്കുകള്‍, പെട്രോ കെമിക്കലുകള്‍, വാഹനങ്ങളുടെ സ്പെയര്പാര്ട്ടുകള്, മൊബൈല്‍ പാര്‍ട്ടുകള്‍, കളിപ്പാട്ടങ്ങള്‍, സ്പോര്‍ട്സ് ഗുഡ്സ്, സോളാര്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, അലുമിനിയം, ചെരുപ്പുകള്‍, ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിവയടക്കമുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. അഗര്‍ബത്തി, ടയറുകള്‍, പാം ഓയില്‍ എന്നിവയുടെ ഇറക്കുമതിക്കാകും ആദ്യം വിലക്ക് വരിക. ഇതുവഴി എസിയുടെയും ഘടകഭാഗങ്ങളുടെയും മറ്റും ആഭ്യന്തര ഉത്പാദനം കൂട്ടാന്‍ കഴിയും.
ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനു പുറമേ ഇവയുടെ ഇറക്കുമതിത്തീരുവ കൂട്ടുന്നതും പരിഗണനയിലുണ്ട്. തീരുവ കൂട്ടിയാല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളെയും ബാധിക്കും. എന്നാല്‍, ലൈസന്‍സിങ് വന്നാല്‍ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നു മാത്രമുള്ള ഇറക്കുമതി വിലക്കാമെന്നതാണ് സൗകര്യം. ഇറക്കുമതി ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കഴിയുന്ന വസ്തുക്കളുടെ പട്ടിക തയാറാക്കാന്‍ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ ഓഫീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം ഇന്ത്യ 70 ലക്ഷം എസികളാണ് ഇറക്കുമതി ചെയ്യുന്നത്. 90 ശതമാനം എസി കംപ്രസറുകളും ചൈനയില്‍ നിന്നും തായ്ലന്ഡില് നിന്നുമാണ് എത്തുന്നത്.
വിലക്കില്‍ ആശങ്കയുണ്ടെന്ന് ചൈന
ബീജിങ്: ടിക് ടോക് അടക്കം തങ്ങളുടെ 59 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടിയില്‍ ആശങ്കയുണ്ടെന്ന് ചൈന. ചൈനയുെട ബിസിനസ് അവകാശങ്ങള്‍ പരിപാലിക്കാന്‍ ഇന്ത്യക്ക് ഉത്തരവാദിത്തമുണ്ട്, ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: