മമ്പറം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പിണറായിൽ ബ്രാഞ്ച് അംഗത്തിന്റെ വീട് കയ്യേറി ചുറ്റുമതിൽ പൊളിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പിണറായി പഞ്ചായത്തിലെ സി പി എം ശക്തികേന്ദ്രമായ പതിനാറാം വാർഡിൽ കിഴക്കുംഭാഗത്താണ് സംഭവം.
ടി.എം.മൈഥിലിയുടെയും വലിയ പുനത്തിൽ ലളിതയുടെയും വീടിന്റെ മതിലാണ് സംഘടിതമായി എത്തിയ പാർട്ടി പ്രവർത്തകർ കൈയ്യേറിയത്. റോഡിന് പാർട്ടി നിർദ്ദേശിച്ച അളവിൽ സ്ഥലം വിട്ടുനൽകാത്തതാണ് പ്രകോപനത്തിന് കാരണം. കൈയ്യേറ്റം ചോദ്യം ചെയ്ത തങ്ങളെ വീട് കയറി അക്രമിച്ചതായി ലളിതയും മൈഥിലിയും പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.
മൈഥിയുടെ മകൾ സിന്ധു പാർട്ടി മെമ്പറാണ്. മൈഥിലിയുടെ ഭർത്താവ് പയ്യൻ ബാലൻ മുഖ്യമന്ത്രിയുടെ ആദ്യകാല സുഹൃത്തായിരുന്നു. ലളിതയും മകന്റെ ഭാര്യ ശരണ്യയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പിക്കാസും മൺവെട്ടിയുമായി എത്തിയ ഇരുപതോളം സംഘമാണ് രാത്രി പാർട്ടി പ്രവർത്തകയുടെ വീട്ടുമതിൽ പൊളിച്ചത്.
നാല് സ്ത്രീകൾക്ക് പരിക്കേറ്റു. രണ്ട് പേർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡ് നിർമ്മാണത്തിന് ആവശ്യപ്പെട്ട അളവിൽ സ്ഥലം വിട്ടുനൽകിയില്ലെന്ന് അരോപിച്ചായിരുന്നു അക്രമം. പാർട്ടി പ്രവർത്തകയുടെ വീട് തന്നെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ അക്രമിച്ചത് പാർട്ടി പ്രവർത്തകർക്കിടയിൽ അസ്വാരസ്യം ഉടലെടുത്തിട്ടുണ്ട്.
സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 20 സി പി എം പ്രവർത്തകരുടെ പേരിൽ പിണറായി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: