തിരുവനന്തപുരം: കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര തിരുനാള്ഇന്സ്റ്റിറ്റിയൂട്ട് ഓഫ്സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് ഒരു കോടി നല്‍കിയെന്ന ശശി തരൂര്‍ എംപിയുടെ വാദം നുണ. ഒരു പൈസപോലും ശശി തരൂരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയ്ക്ക് മറുപടിയായി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.
2020 ഏപ്രില്‍ 17 ന് ട്വിറ്റര്‍ സന്ദേശം മുഖാന്തിരമാണ് ശശി തരൂര്‍ ശ്രീചിത്രയ്ക്കായി ഒരു കോടി രൂപ നല്‍കിയതായി പ്രചരിപ്പിച്ചത്. ശ്രീചിത്രയിലെ വിവരാവകാശ ഓഫീസറായ ഡോ എ. മായാ നന്ദകുമാര്‍ നല്കിയ മറുപടിയില്‍ 2020 മെയ് 24 വരെ എംപി ഫണ്ടില്‍ നിന്ന് ഒരു സഹായവും ഇന്സ്റ്റിറ്റിയൂട്ടന് കിട്ടിയിട്ടില്ല. ശ്രീചിത്ര നടത്തിയ ഗവേഷണങ്ങളുടെ പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു തരൂരിന്റെ വ്യാജ പ്രചരണം.
തരൂര്‍ ശ്രീചിത്രയ്ക്ക് ഒരു കോടി അനുവദിച്ചതിനെ പതിവ് കൊറോണ പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുമോദിക്കുകയും മാതൃകാപരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ സ്വയംഭരണ സ്ഥാപനമായിട്ടാണ് ശ്രീ ചിത്ര പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഗവേഷണ പരീക്ഷണങ്ങള്‍ക്കായി കോടി കണക്കിന് രൂപ സ്ഥാപനത്തിന് നല്‍കുന്നുണ്ട്. ഇതെല്ലാം മറച്ചുവെച്ച് താന്‍ അനുവദിച്ച പണംകൊണ്ടാണ് ഇന്‍സ്റ്റിറ്റിയൂട്ട് കണ്ടു പിടുത്തങ്ങള്‍ നടത്തുന്നതെന്ന് സ്ഥാപിക്കാനായിരുന്നു തരൂര്‍ ശ്രമിച്ചത്. അതാണിപ്പോള്‍ പൊളിഞ്ഞത്.
വ്യാജ പ്രചരണം നടത്തിയ ശശിതരൂര്‍ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. ശ്രീ ചിത്രയിലെ അധികാരികളുമായി ശശി തരൂര്‍ ഗൂഡാലാചന നടത്തിയതായി സംശയിക്കേണ്ടതുണ്ടെന്ന് അഡ്വ. സുരേഷ് പറഞ്ഞു. ഇല്ലാത്ത സാമ്പത്തിക സഹായം ഉപയോഗിച്ച് കണ്ടു പിടുത്തം നടത്തിയെന്ന് പ്രചരിപ്പിച്ചതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും സുരേഷ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: