തിരുവനന്തപുരം: യുവാക്കള്‍ക്ക് നേരെ തിരുവല്ലം പ്രിന്‍സിപ്പല്‍ എസ്ഐയുടെ മൂന്നാംമുറ. ക്രൂര മര്‍ദനത്തിനിരയായ യുവാക്കള്‍ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്കി. തിരുവല്ലം എസ്ഐ വിപിന്‍ പ്രകാശിനെതിരെ കരള്‍ രോഗിയായ തിരുവല്ലം പുഞ്ചക്കരി ഭരണി നിലയത്തില്‍ ബിനു, പുഞ്ചക്കരി സൗപര്‍ണികയില്‍ ബിനു എന്നിവരാണ് പരാതി നല്‍കിയത്. ഇരുവരെയും രണ്ട് കേസുകളിലായി വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രികളില്‍ ചികിത്സ തേടി.
ജൂണ്‍ 8 നാണ് പുഞ്ചക്കരി ഭരണി നിലയത്തില്‍ ബിനുവിനെ വസ്തുതര്‍ക്കത്തിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. ബിനുവിന്റെ ഉടമസ്ഥതയിലുള്ള വസ്തു അയല്‍വാസിയുടേതാണ് എന്ന പരാതിയെ തുടര്‍ന്നാണ് വിളിപ്പിച്ചത്. വസ്തുവിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയ ശേഷം സര്‍വെ വിഭാഗത്തെ കൊണ്ട് അളക്കാം എന്നു പറഞ്ഞപ്പോള്‍ എസ്ഐ വിപിന്‍ പ്രകാശ് കുപിതനായി മര്‍ദിച്ചുവെന്ന് ഡിജിപിക്ക് നല്കിയ പരാതിയില്‍ പറയുന്നു. മുഖത്തും മുതുകത്തും ശക്തിയായി ഇടിച്ചു. നിലവിളിച്ചുകൊണ്ട് കരള്‍ രോഗിയാണെന്ന് അറിയിച്ചപ്പോള്‍ എന്നാല്‍ എല്ലൊടിഞ്ഞ ചികിത്സ കൂടി നടത്തെന്ന് പറഞ്ഞ് മുതുകില്‍ ചവിട്ടി മര്‍ദനം തുടര്‍ന്നു. തുടര്‍ന്ന് ജൂണ്‍ 11 വരെ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെന്നും ഇപ്പോഴും അവശതയിലാണെന്നും പരാതിയില്‍ പറയുന്നു.
സുഹൃത്തിനൊപ്പം സ്റ്റേഷനിലെത്തിയ പുഞ്ചക്കരി സൗപര്‍ണികയില്‍ ബിനുവിനെ ഈ മാസം 23 ന് ആണ് ക്രൂരമായി മര്‍ദിച്ചത്. ബിനുവിന്റെ ജെസിബി വാഹനം രാത്രി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം വാടകയ്ക്കെടുത്തിരുന്നു. ഈ സ്ഥലത്തേക്ക് വഴിയൊരുക്കാന്‍ മണ്ണിടുന്നതിന് സുഹൃത്ത് രജീഷിനെ ഏല്‍പ്പിച്ചു. മണ്ണിട്ടതിന് രജീഷിനോട് സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് വൈകിട്ട് അഞ്ചരയോടെ ബിനുവും ഒപ്പം പോയത്. രജീഷിനോട് അവിടത്തെ പോലീസുകാര്‍ കാര്യ ചോദിച്ച് കൊണ്ടു നില്‍ക്കവെ എസ്ഐ വിപിന്‍ പ്രകാശ് അകാരണമായി അസഭ്യം പറഞ്ഞ് പോലീസ് വാഹനത്തില്‍ നിന്നും ലാത്തി എടുത്ത് അടിക്കാന്‍ ഒരുങ്ങി. ഈ സമയം ബിനു സ്റ്റേഷന് എതിര്‍വശത്ത് നില്‍ക്കുകയായിരുന്നു. അടി ഭയന്ന് രജീഷ് ഇറങ്ങി ഓടി. പിന്നാലെ ഓടിവന്ന എസ്ഐ ബിനുവിനെ പിടികൂടി മര്‍ദിച്ചു. കുനിച്ചുനിര്‍ത്തി ഇടത് ഷോള്ഡറില് മര്‍ദിച്ചു. അടിവയറ്റില്‍ ചവിട്ടി. ഈ സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ബിനുവിനെ പിടിച്ചുവലിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി. തുടര്‍ന്ന് ജാമ്യക്കാരെത്തിയ ശേഷമാണ് വിട്ടയച്ചത്. പൂന്തുറ കമ്യൂണിറ്റി ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം ആയുര്‍വേദ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയെന്ന് ബിനു ആഭ്യന്തര സെക്രട്ടറിക്ക് നല്കിയ പരാതിയില്‍ പറയുന്നു. സ്റ്റേഷനില്‍ എത്തുന്നവരോട് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുന്നതായി കാണിച്ച് എസ്ഐ വിപിന്‍ പ്രകാശിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നല്കിയ പരാതിയില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: