തിരുവനന്തപുരം: പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് തടഞ്ഞ പ്രവാസിയും ഭൂവുടമയുമായ കാഞ്ഞിരംവിള സ്വദേശി സംഗീത് ബാലന് എന്ന സംഗീതിനെ ജെസിബി ഉപയോഗിച്ച് മണല്‍ മാഫിയ അടിച്ചുകൊന്ന കേസില്‍ 13 പ്രതികളെ ഹാജരാക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ജൂലൈ 30ന് എല്ലാ പ്രതികളെയും ഹാജരാക്കാന്‍ കേസന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തോടാണ് കോടതി ഉത്തരവിട്ടത്.
മണല്‍ മാഫിയ സംഘത്തില്‍പ്പെട്ട ജെസിബി ഡ്രൈവര്‍ വിജിന്, ടിപ്പര്‍ ഓടിച്ച ലിനു മഹേഷ്, ജെസിബി ഉടമ സജു എന്ന സ്റ്റാലിന് ജോണ്‍, ടിപ്പര്‍ ഉടമ ഉത്തമന് എന്ന മണികണ്ഠന്, സംഘത്തിലുണ്ടായിരുന്നവരും കൊലയ്ക്ക് പ്രേരിപ്പിച്ചവരും മണല്‍ വഞ്ചനാപരമായി കൈപ്പറ്റിയവരുമായ ബൈജു, മൂഢന് എന്ന മിഥുന്, മണിക്കുട്ടന് എന്ന സുജിത്, ഉണ്ണി എന്ന ലാല്‍കുമാര്‍, തേങ്ങ അനീഷ് എന്ന വിനീഷ്, വിശു എന്ന സനല്‍കുമാര്‍, വിഷ്ണു ജി. നായര്‍, തങ്കമണി, രാജന് എന്ന ജസ്റ്റിന് എന്നിവരാണ് കേസിലെ ഒന്നു മുതല്‍ പതിമൂന്ന് വരെ പ്രതികള്‍.
2020 ജനുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പുരയിടത്തിലെ മണ്ണ് ഇടിക്കുന്ന വിവരം സംഗീത് കാട്ടാക്കട പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണ്. ഇതിനിടെയാണ് സംഗീതിനെ കൊലപ്പെടുത്തിയത്. നാട്ടുകാര്‍ സംഗീതിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷമാണ് പോലീസെത്തിയത്. പോലീസിന്റെ അനാസ്ഥയാണ് സംഗീതിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. നിയമസഭയിലും വിഷയം ഏറെ ഒച്ചപ്പാടിനിടയാക്കിയിരുന്നു.
എഎസ്ഐ അടക്കം നാല് പോലീസുദ്യോഗസ്ഥരെ കൃത്യവിലോപത്തിന് റൂറല്‍ എസ്പി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം മെയ് 4 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേ സമയം കാട്ടാക്കട പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: