കൊല്ലം: കോവിഡ്- 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച ജോബ് മാര്‍ച്ചിനു നേരെ പോലീസിന്റെ ജലപീരങ്കി. മന്ത്രിയുടെ വീട്ടിലേക്ക് ആരും മാര്‍ച്ച് നടത്തേണ്ടെന്ന താക്കീതാണ് തികച്ചും സമാധാനപരമായി നടത്തിയ മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചതിലൂടെ പോലീസ് നല്‍കിയത്.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക, പിന്‍വാതില്‍ നിയമങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴില്‍ അല്ലെങ്കില്‍ മരണം എന്ന പ്രഖ്യാപനവുമായി യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പിഎസ്സി ജോബ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാമൂട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കേരളപുരം ജംഗ്ഷനില്‍ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് ഭേദിച്ചു മുന്നേറാതെ സമാധാനപരമായി കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ബിജെപി-യുവമോര്‍ച്ച നേതാക്കളും പ്രവര്‍ത്തകരും കടുത്ത സംയമനം പാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.
ബിജെപി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നാലുവര്‍ഷം കൊണ്ട കേരളത്തിലെ സമസ്തമേഖലയും തച്ചു തകര്‍ത്ത സര്‍ക്കാരാണ് പിണറായിയുടേതെന്ന് ഗോപകുമാര്‍ കുറ്റപ്പെടുത്തി. ആശ്രിതനിയമനം മാത്രമാണ് ഇക്കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ജനങ്ങളോട് പ്രത്യേകിച്ച് യുവാക്കളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാര്‍ ആശങ്കയിലാണ്. ഇരുനൂറിലധികം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് പൂര്‍ത്തിയായത്. കാലാവധി പൂര്‍ത്തിയായ റാങ്ക് ലിസ്റ്റുകള്‍ ആറുമാസം കൂടി നീട്ടണമെന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്ക്കും എത്രയുംവേഗം നിയമനം നല്‍കണമെന്നും ബി.ബി. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് വിഷ്ണു പട്ടത്താനം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍, ജില്ലാ ഭാരവാഹികളായ അനീഷ് ജലാല്‍, ബാബുല്‍ദേവ്, ദീപുരാജ്, ധനീഷ്, മഹേഷ് മണികണ്ഠന്, മണ്ഡലം പ്രസിഡന്റുമാരായ സനല്‍ മുകളുവിള, അഖില്‍, പ്രണവ് താമരക്കുളം, രാജീവ്, ശംഭു, സിനു, കൃഷ്ണരാജ്, ജമുന് ജഹാംഗീര്‍, ബിജെപി കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: