കൊല്ലം: സഹായത്തിന് പടിവാതില്‍ക്കലെത്തി മുട്ടിയിട്ടും പട്ടികജാതി മന്ത്രിയും വകുപ്പും കണ്ണുതുറക്കുന്നില്ല. തലചായ്‌ക്കാനിടം തേടി പട്ടികജാതി വൃദ്ധദമ്പതികള്‍ അലയുന്നു. ഇടതുപക്ഷം ഭരിക്കുന്ന ചവറ തെക്കുംഭാഗം പഞ്ചായത്തിലെ കുമാരന്‍-രാജമ്മ ദമ്പതികള്‍ക്കാണ് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ യാതൊരു സഹായവും ലഭ്യമാകാത്തത്.
ആരോരും തുണയില്ലാത്ത ഈ വൃദ്ധ ദമ്പതികളുടെ കദനകഥ ഏപ്രില്‍ 25ലെ ജന്മഭൂമി രണ്ടാം പേജില്‍ ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത അടുത്തദിവസം തന്നെ പട്ടികജാതി വകുപ്പു മന്ത്രി എ.കെ. ബാലന്റെ ഓഫീസില്‍ ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ നടപടി ഉണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ മറുപടി. പട്ടികജാതി വകുപ്പ് സെക്രട്ടറിക്ക് വാര്‍ത്ത കൈമാറിയിട്ടുണ്ടെന്നും വകുപ്പിലെ ഉത്തരവാദപ്പെട്ട ജില്ലാ ഓഫീസര്‍ ഉടന്‍ തന്നെ കുമാരനെയും രാജമ്മയെയും നേരില്‍ സന്ദര്‍ശിക്കുമെന്നും മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ജന്മഭൂമിയോട് പറഞ്ഞു.
ആഴ്ച രണ്ടു കഴിഞ്ഞിട്ടും യാതൊരു ഇടപെടലും പട്ടികജാതി വകുപ്പില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും മന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടു. വിഷയം പരിഗണനയിലാണെന്നും ഉടന്‍ ഇടപെടുമെന്നും പറഞ്ഞ പേഴ്സണല്‍ സ്റ്റാഫ് മന്ത്രിയോട് സംസാരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും തിരക്കിലാണെന്ന മറുപടിയാണ് നല്കിയത്. വാര്‍ത്ത പുറത്തുവന്ന് മാസം രണ്ടു കഴിഞ്ഞിട്ടും പട്ടികജാതി വകുപ്പില്‍ നിന്ന് ആരും ഈ പാവങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ നിന്ന് നാമമാത്രമായ സഹായമാണ് ഇവര്‍ക്ക് ലഭിച്ചുവരുന്നത്. ലോക്ഡൗണിനിടെ വിവരമറിഞ്ഞ് ഇവരുടെ വീട്ടിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ കുമാരനും രാജമ്മയ്‌ക്കും വേണ്ട ഭക്ഷ്യക്കിറ്റ് എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: