ന്യൂദല്‍ഹി: കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ മാസം വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 80 കോടി ജനങ്ങള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ ലഭിച്ച അതേ അളവില്‍ സൗജന്യ റേഷന്‍ ലഭിക്കും, ഇതിനായി 90000 കോടി രൂപയാണ് ചെലവഴിക്കുക. ഈ പ്രതിസന്ധി സമയത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും അദ്ദേഹം. ദീപാവലി, ഓണം അടക്കം ആഘോഷങ്ങള്‍ വരുന്നത് കൂടി മുന്നില്‍ കണ്ടാണ് പ്രഖ്യാപനം.
ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നെങ്കിലും ആരും സുരക്ഷാ മുന്‍കരുതലുകള്‍ ഒഴിവാക്കരുത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങളും ശ്രദ്ധിക്കണം. ഉചിതമായ സമയത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അണ്‍ലോക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തെ മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്നും മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: