കാസര്‍കോട്: കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ജില്ലാ ക്ഷയരോഗകേന്ദ്രം നാശത്തിലേക്ക്. ദ്രവിച്ച് അടര്‍ന്നുവീഴുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര, പുറത്തേക്ക് തള്ളി നില്‍ക്കുന്ന കമ്പികള്‍, പായല്‍ പിടിച്ച ചുവരുകള്‍. 55 വര്‍ഷം പഴക്കമുള്ള കെട്ടിടം നശിക്കുകയാണ്. ഒരുവര്‍ഷം മുന്‍പ് പുതിയ ഒ.പി. കേന്ദ്രം നിര്‍മിക്കാന്‍ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗത്തെ കോണ്‍ക്രീറ്റ് പൊളിച്ചിരുന്നു. അതിപ്പോള്‍ ഒരുമീറ്റര്‍ നീളത്തില്‍ കമ്പികള്‍ പുറത്തായ നിലയിലാണ്. മഴവെള്ളം വീണ് കമ്പി തുരുമ്പെടുക്കുന്നു. മഴ തുടങ്ങിയതോടെ ചോര്‍ച്ചയും മേല്‍ക്കൂരയില്‍ കെട്ടിനില്‍ക്കുന്ന വെള്ളക്കെട്ടും കാരണം ഷോക്ക് ഭയന്ന് കഴിയുകയാണ് ജീവനക്കാര്‍. ചോര്‍ച്ചയടയ്‌ക്കാന്‍ വര്‍ഷാവര്‍ഷം ഇട്ട പുതിയ കോണ്‍ക്രീറ്റ് അടുത്ത വര്‍ഷം അടര്‍ന്നുവീണുകൊണ്ടിരുന്നു. ഒടുവില്‍ മേലെ ഷീറ്റിട്ടു. പക്ഷേ കാറ്റില്‍ പാറിപ്പോകുന്നു. ഈ കെട്ടിടത്തിലെ വരാന്തയിലും ലാബിലും ഫാര്‍മസിയിലുമായി പല ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണാം.
കഴിഞ്ഞവര്‍ഷം ലാബില്‍ ജീവനക്കാരുണ്ടായിരുന്നപ്പോഴാണ് അരമീറ്ററോളം വലിപ്പമുള്ള സ്ലാബ് അടര്‍ന്നുവീണത്. ആര്‍ക്കും പരിക്കേറ്റില്ല. പക്ഷേ പേടി കുടുങ്ങി. 25 ജീവനക്കാരും രോഗികളുമുള്ള കെട്ടിടമാണ്. ജില്ലയില്‍ സമഗ്ര ക്ഷയരോഗ പരിശോധനയ്‌ക്കുള്ള ഏക സര്‍ക്കാര്‍ കേന്ദ്രമാണിത്. ഒ.പി.യിലേക്ക് മാത്രം ദിവസേന 2030 രോഗികളെത്തുന്നുണ്ട്. മറ്റ് ആസ്പത്രികളില്‍നിന്നുള്ളത് ഉള്‍പ്പെടെ അന്‍പതിലധികം രോഗികളുടെ കഫപരിശോധന നടക്കുന്നതും ഇവിടെത്തന്നെ.
രോഗികളെ പരിശോധിക്കാനും ലാബ്, ഫാര്‍മസി, ശൗചാലയം തുടങ്ങി എല്ലാത്തിനുമായി ഈ ഒരു കെട്ടിടംമാത്രം. ഇവിടേക്ക് അനുവദിച്ച എക്‌സ്‌റേ യന്ത്രം സ്ഥലപരിമിതി കാരണം ഇനിയും സ്ഥാപിച്ചിട്ടില്ല. 15 ലക്ഷം രൂപ വിലയുള്ള ഈ യന്ത്രത്തിന്റെ കുറെ ഭാഗങ്ങള്‍ വരാന്തയില്‍ തന്നെ വച്ചിരിക്കുന്നു. നിന്നുതിരിയാന്‍ ഇടമില്ലാത്ത ഫാര്‍മസിക്കകത്ത് മരുന്നുപെട്ടികള്‍ തട്ടാതെ നടക്കാനാവില്ല. കഴിഞ്ഞ വര്‍ഷം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 16 ലക്ഷം രൂപ അനുവദിച്ചെങ്കിലും പെന്‍ഷന്‍ പ്രായത്തോട് അടുത്ത കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നത് പ്രായോഗികമല്ലെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ ഏഴാംനില ക്ഷയരോഗ കേന്ദ്രത്തിനായി നല്‍കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പകര്‍ച്ച വ്യാധിയുമായി ഏഴാംനില വരെയെത്തുന്ന രോഗികള്‍ ബാക്കി ആറുനിലയിലുള്ളവര്‍ക്കു കൂടി രോഗം പകര്‍ത്തുന്നതിന് ശേഷമായിരിക്കും ചികിത്സയ്‌ക്കെത്തുകയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിരോധത്തില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ജനറല്‍ ആശുപത്രിയിലെ ക്ഷയരോഗ കേന്ദ്രത്തോടാണ് അധികൃതരുടെ ഈ അനാവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: