കോഴിക്കോട്: ശനിയാഴ്ച ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ വെള്ളയില്‍ കുന്നുമ്മല്‍ നാലുകുടിപറമ്പില്‍ കൃഷ്ണന് (70) ന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തില്ല. കോവിഡ് പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇന്ന് പരിശോധന ഫലം ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹ പരിശോധന നടത്തിയ സിഐ ജി. ഗോപകുമാര്‍, രണ്ട് എസ് ഐമാര്‍ അടക്കം എഴ് പോലീസുകാര്‍, പരിശോധനയ്ക്ക് സഹായിച്ച നാട്ടുകാര്‍, കൃഷ്ണന്റെ ബന്ധുക്കള്‍ എന്നിവരോട് മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്.എസ്. ഗോപകുമാര്‍ പറഞ്ഞു. ഏഴ് പോലീസുകാര്‍ നിരീക്ഷണത്തിലാണെന്ന്. വെള്ളയില്‍ എച്ച്ഐ ഡെയ്സണ്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കൃഷ്ണനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോര്പ്പറേഷന് താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ മല്ലിക ജോലി കഴിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി രണ്ടരമണിയോടെയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചത്.
ആദ്യ സ്രവ പരിശോധനയില്‍ സംശയമുണ്ടായതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. നാലാം ഗെയിറ്റിനടുത്ത് ഫ്ളാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൃഷ്ണന്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. കൃഷ്ണന് രോഗം പകരാന്‍ സമ്പര്‍ക്ക സാദ്ധ്യത കണ്ടെത്തിയിട്ടില്ലെന്നും മുന്‍ കരുതല്‍ എന്ന നിലയിലാണ് നിരീക്ഷണത്തിലാക്കിയതെന്നുമാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. ഫ്ളാറ്റിലുള്ളവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: