കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ തെക്കുമ്പാട് താഴേക്കാവ് ദ്വീപില്‍ ടൂറിസത്തിന്റെ പേരില്‍ ജൈവവൈവിധ്യങ്ങളെയും തെയ്യം പോലുള്ള നാട്ടുസംസ്കൃതിയുടെ ഈടുവയ്പുകളെയും കടന്നാക്രമിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ ആവശ്യപ്പെട്ടു.
തെക്കുമ്പാട് ദ്വീപ് തീരദേശ നിയന്ത്രണ മേഖല ഒന്ന് (എ) വിഭാഗത്തില്‍പെടുന്നതും നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണമുള്ളതുമായ പ്രദേശമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയുടെ കോടികളുടെ ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ മലനാട് തെയ്യം ക്രൂയിസ് എന്ന പേരില്‍ വന്‍ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വടക്കേമലബാറിന്റെ അനുഷ്ഠാനമായ തെയ്യത്തെ സ്റ്റേജ് ഷോ ആക്കി മാറ്റുന്നതിന് തെയ്യം പേര്‍ഫോമിങ് യാര്‍ഡ് നിര്‍മിക്കാനും തീരുമാനിച്ചിരിക്കുന്നു.
അത്യപൂര്‍വമായ ആവാസവ്യവസ്ഥയെയും അനുഷ്ഠാനബദ്ധമായ തെയ്യാട്ട സംസ്കാരത്തെയും ഒരുപോലെ കടന്നാക്രമിക്കുന്ന ഈ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. തെയ്യം എന്നത് കേവലം കെട്ടുകാഴ്ചയല്ലെന്നും അത് ഒരു കൂട്ടായ്മയുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അധികൃതര്‍ തിരിച്ചറിയണം. തെയ്യത്തിന്റെ സ്റ്റേജ് ഷോ തെയ്യത്തിലെ കലാംശത്തെ പോലും സമഗ്രതയിലവതരിപ്പിക്കാന് പര്യാപ്തമാവില്ലെന്നും അവര്‍ മനസ്സിലാക്കണം. അനുഷ്ഠാനങ്ങളെ അവമതിക്കുകയും ജൈവവൈവിധ്യത്തെ അവഗണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: