Categories: Main Article

കേരളാ കോണ്‍ഗ്രസ് നിലപാട് രാഷ്‌ട്രീയം മാറിമറിയും

''വളരുമ്പോള്‍ പിളരുകയും പിളരുമ്പോള്‍ വളരുകയും ചെയ്യുന്ന പ്രസ്ഥാന'മെന്ന് കെ.എം. മാണി വ്യാഖ്യാനിക്കുമ്പോള്‍ തന്റെ പിന്നില്‍ ഊരിപ്പിടിച്ച കത്തിയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രയത്‌നിച്ച കെ.എം. മാണിയുടെ ശ്രമങ്ങള്‍ ഒരിക്കല്‍പ്പോലും അംഗീകരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രദ്ധിച്ചിരുന്നില്ല. മുന്നണികളെ മാറി മാറി പരീക്ഷിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്

കോണ്‍ഗ്രസ്-സിപിഎം കുത്തിത്തിരിപ്പുകളില്‍ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായ സംസ്ഥാനമാണ് കേരളം. മുഖ്യ രാഷ്‌ട്രീയ പാര്‍ട്ടികളുടെ താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളില്‍ കരുക്കളായത് കേരളാ കോണ്‍ഗ്രസും മുസ്ലിംലീഗുമാണ്. മുസ്ലിം ലീഗിന്റെ താല്‍പ്പര്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിപ്പോരുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസിന് രണ്ടാം പന്തിയേ വിധിച്ചിട്ടുള്ളൂ. കേരളാ കോണ്‍ഗ്രസിനെ വരുതിയില്‍ നിര്‍ത്താനും അവര്‍ പ്രതിനിധാനം ചെയ്യുന്ന വോട്ടുബാങ്കുകളില്‍ കയ്യിട്ടുവാരാനും ഇരു മുന്നണികളും മത്സരിച്ചതാണ് കേരളാ കോണ്‍ഗ്രസ് തളരാനും പിളരാനുമുള്ള സാഹചര്യമുണ്ടാക്കിയത്.

”വളരുമ്പോള്‍ പിളരുകയും പിളരുമ്പോള്‍ വളരുകയും ചെയ്യുന്ന പ്രസ്ഥാന’മെന്ന് കെ.എം. മാണി വ്യാഖ്യാനിക്കുമ്പോള്‍ തന്റെ പിന്നില്‍ ഊരിപ്പിടിച്ച കത്തിയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രയത്‌നിച്ച കെ.എം. മാണിയുടെ ശ്രമങ്ങള്‍ ഒരിക്കല്‍പ്പോലും അംഗീകരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രദ്ധിച്ചിരുന്നില്ല. മുന്നണികളെ മാറി മാറി പരീക്ഷിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്.

കെ.എം. മാണി നയിച്ച പാര്‍ട്ടിയെ ഇടതു മുന്നണിയുടെ ഭാഗമാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ദയനീയമായി തോറ്റതിന്റെ ചരിത്രം വിസ്തരിക്കേണ്ടതില്ല. അതിന്റെ അനന്തരഫലമാണ് കെ.എം. മാണിക്കെതിരായ ആരോപണം. നോട്ടെണ്ണുന്ന യന്ത്രം വരെ വീട്ടിലുണ്ടെന്ന് പെരുമ്പറയടിച്ച സിപിഎം അധികാരത്തിലെത്തിയ ശേഷം ബാര്‍ കോഴ ആവിയായി പോയതെന്തുകൊണ്ട് എന്ന് അവര്‍ പറയേണ്ടതാണ്. ഏറ്റവും ഒടുവിലത്തെ കേരളാ കോണ്‍ഗ്രസ് കലാപത്തിന് പിന്നിലും ഇരുമുന്നണികളുമാണ്.

ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്‌ക്കുന്നതു സംബന്ധിച്ചു ജോസഫ് വിഭാഗവുമായി ഉണ്ടായിരുന്ന ധാരണ പാ

ലിക്കണമെന്ന യുഡിഎഫ് നിര്‍ദേശം തള്ളിയതിനെത്തുടര്‍ന്നാണു മുന്നണി കടുത്ത തീരുമാനത്തിലേക്കു കടന്നതെന്നാണ് പൊതുവിലുള്ള നിലപാട്. പലതവണ ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിക്കാത്തതുകൊണ്ടാണു തീരുമാനമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

ജോസ് കെ. മാണി വിഭാഗത്തിനു യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു കണ്‍വീനര്‍ ബെന്നി ബഹനാ

ന്‍ പറയുന്നു. ഒഴിവു വന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗം കേരള കോണ്‍ഗ്രസുകളും അവകാശവാദം ഉന്നയിച്ചു. അതേതുടര്‍ന്നു യുഡിഎഫ് നേതൃത്വം ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കി. ഇതുപ്രകാരം 8 മാസം ജോസ് കെ. മാണി വിഭാഗത്തിനും 6 മാസം പി.ജെ.ജോസഫ് വിഭാഗത്തിനും നേതൃത്വം നല്‍കാന്‍ തീരുമാനിച്ചു എന്നാണ് പറയുന്നത്. ഇതിനിടയില്‍ ജോസഫ് വിഭാഗം എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയ കാര്യം യുഡിഎഫ് വിസ്മരിച്ചു.

ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യം കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനോടു പ്രഖ്യാപിക്കാന്‍ യുഡിഎഫ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 8 മാസ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവച്ചില്ല. അതേത്തുടര്‍ന്നു ചര്‍ച്ചകള്‍ക്കായി പി.കെ.കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് ചുമതലപ്പെടുത്തി. പലവട്ടം ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍ മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

എന്നാല്‍, ജോസ് വിഭാഗം രാജിവച്ചില്ല. യുഡിഎഫ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലാത്തതാണെന്നു പരസ്യമായ നിലപാട് എടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനു യുഡിഎഫില്‍ തുടരാനുള്ള അര്‍ഹതയില്ല എന്നാണ് യുഡിഎഫ് നിലപാട്. യുഡിഎഫ് യോഗങ്ങളില്‍ നിന്നും അവരെ മാറ്റി നിര്‍ത്താനും  

തീരുമാനിച്ചു. യുഡിഎഫിന്റെ അടുത്ത യോഗം ജൂലൈ ഒന്നിനു വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. ജോസ് കെ.മാണി വിഭാഗത്തെ യോഗത്തിലേക്കു വിളിക്കില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞിരിക്കുകയാണ്.

ജോസഫിന്റെ സമ്മര്‍ദത്തിന് യുഡിഎഫ് വഴങ്ങിയെന്നു ജോസ് വിഭാഗം നേതാക്കള്‍ ആരോപിച്ചു. ജോസ് കെ. മാണി വിഭാഗത്തെ മുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നും സമയം നല്‍കിയിട്ടും ധാരണ അംഗീകരിക്കാന്‍ ജോസ് വിഭാഗം തയാറായില്ലെന്നും യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു. ജോസ് പക്ഷത്തെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുന്നണി ധാരണ അനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്‌ക്കാത്തതാണു യുഡിഎഫ് നടപടിക്കിടയാക്കിയത് എന്നാണ് വിശദീകരണം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം (ജോസ് വിഭാഗം) നിലപാട്. അംഗീകരിക്കാത്ത നിര്‍ദേശത്തെ ധാരണ എന്നു പറയാന്‍ കഴിയില്ല. തങ്ങള്‍ പങ്കാളിയായ ഉഭയകക്ഷി ചര്‍ച്ചയിലും പദവി പങ്കുവയ്‌ക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് യുഡിഎഫ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് പദവി സംബന്ധിച്ച് ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദങ്ങള്‍ തള്ളിയതാണ്.

ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആള്‍ക്കു പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാനാകില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു. ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാത്ത സാഹചര്യത്തില്‍ ഏതു നിമിഷവും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന നിലപാടിലായിരുന്നു പി.ജെ.ജോസഫ്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിരുന്നെന്നും യുഡിഎഫിന്റെ കൂടി അഭിപ്രായത്തെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നും ജോസഫ് പറഞ്ഞിരുന്നു. ആള്‍ബലം നോക്കിയാണോ സമുദായ താല്പര്യമനുസരിച്ചാണോ യുഡിഎഫ് നിലപാടെന്ന് വ്യക്തമല്ല. കേരളാ കോണ്‍ഗ്രസ് ഇരുമുന്നണികളെയും പരീക്ഷിച്ചതാണ്. കെ.എം.മാണിയും പി.ജെ.ജോസഫും ഇരുമുന്നണികളുടെയും ഭാഗമായിരുന്നതുമാണ്. ഇടതും വലതുമല്ലാത്ത നേര്‍വഴി ഉണ്ടെന്ന് ജോസ് കെ.മാണിയെങ്കിലും തിരിച്ചറിഞ്ഞാല്‍ കേരള രാഷ്‌ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തന്നെ ഗുണപരമായ മാറ്റം ഉണ്ടാകും. മാറ്റമുണ്ടാകണോ മരവിച്ച് നില്‍ക്കണോ എന്ന് തീരുമാനിക്കാനുള്ള സന്ദര്‍ഭമാണിത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക