ആത്മതത്ത്വനിരൂപണം തുടരുന്നു.
ശ്ലോകം 217
ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരം
യോളസൗ സമുജ്ജൃംഭതേ
പ്രത്യഗ്രൂപതയാ സദാഹമഹമിത്യാന്തഃ സ്ഫുരന്നേകധാ
നാനാകാര വികാര ഭാഗിന ഇമാന് പശ്യന്നഹംധീമുഖാന്
നിത്യാനന്ദചിദാത്മനാ സ്ഫുരതി തം വിദ്ധി സ്വമേതം ഹൃദി
ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളിലും വളരെ നന്നായി തെളിഞ്ഞ് വിളങ്ങുന്നതാണ് ആത്മാവ്. അന്തര്യാമിയായി പലതരത്തിലും ഞാന്‍.. ഞാന്‍… എന്ന് എപ്പോഴും ഉള്ളില്‍ തുടിക്കുന്നതുമാണ്. ഒട്ടേറെ ആകൃതിയും വികാരവും കൈക്കൊള്ളുന്ന അഹങ്കാരം, ബുദ്ധി തുടങ്ങിയവയെ സാക്ഷി രൂപത്തില്‍ കാണുന്നതുമാണ്. സച്ചിദാനന്ദ സ്വരൂപമായ ആ ആത്മാവാണ് നീ എന്ന് ഹൃദയത്തില്‍ ഭാവന ചെയ്ത് ഉറപ്പിക്കണം.
ആത്മാവ് മൂന്ന് അവസ്ഥകളിലും വ്യക്തമായി വിളങ്ങുന്നതാണ്. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും ഉറങ്ങുമ്പോഴും അത് ഒരു മാറ്റവുമില്ലാതെ നിലകൊള്ളുന്നു. ജീവിതത്തിലെ എല്ലാ അനുഭവങ്ങളും അതിന്റെ സാന്നിധ്യത്തിലാണ് സംഭവിക്കുന്നത്. എല്ലാറ്റിനും ആധാരമായും പ്രകാശമായും കുടികൊള്ളുന്ന ചൈതന്യമാണ് ആത്മാവ്.
ഉണര്‍ന്നിരിക്കുമ്പോള്‍ പുറത്തുള്ള വിഷയങ്ങളേയും സ്വപ്നത്തില്‍ ഉള്ളിലുള്ള അനുഭവങ്ങളേയും ഉറക്കത്തില്‍ വസ്തുക്കളുടെ അഭാവത്തേയും ആത്മാവ് പ്രകാശിപ്പിക്കുന്നു. അവസ്ഥാ ത്രയങ്ങളെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന ആത്മാവിനെ തന്നെയാണ് സാക്ഷാത്കരിക്കേണ്ടത്.
കാഴ്ചകളൊക്കെ പുറമെയാണെങ്കിലും കാണുന്നയാള്‍ ഉള്ളിലാണ്. അത് ഉള്ളിലിരുന്ന് ഞാന്‍ ഞാന്‍ എന്ന് തുടിച്ചു കൊണ്ടേയിരിക്കും. ഉള്ളിലും പുറത്തുമുള്ള എല്ലാ അനുഭവങ്ങള്‍ക്കും ആധാരമായിരിക്കുന്നത് ഞാന്‍ എന്നതാണ്. ഇതിന്റെ സാന്നിദ്ധ്യം കൊണ്ടാണ് എല്ലാ അനുഭവങ്ങളും ഉണ്ടാകുന്നത്.
സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങളിലും പഞ്ചകോശങ്ങളിലും നടക്കുന്ന എല്ലാ അനുഭവങ്ങളേയും ഞാന്‍ പ്രകാശിപ്പിക്കുന്നുണ്ട്. ആ ഞാന്‍ തന്നെയാണ് ചൈതന്യം. അതാണ് നമ്മുടെ യഥാര്‍ത്ഥ സ്വരൂപം. ശരീരത്തിലെ എല്ലാ അവയവങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ പ്രവര്‍ത്തിക്കുന്നത് ഈ ചൈതന്യത്തിന്റെ സാന്നിധ്യത്തിലാണ്.
ബോധസ്വരൂപമായ ആത്മാവ് ബുദ്ധിയില്‍ പ്രകാശിക്കുമ്പോഴാണ് നാം എല്ലാറ്റിനേയും അറിയുന്നത്. പല തരത്തിലുള്ള ആകാരങ്ങളേയും വികാരങ്ങളേയും അറിയുന്നതിങ്ങനെയാണ്.
അഹങ്കാരം, ബുദ്ധി തുടങ്ങിയ അന്തഃകരണങ്ങളുടെ പ്രവൃത്തികള്‍ക്കെല്ലാം സാക്ഷിയായിരിക്കുന്നതും ആത്മാവ് തന്നെ. ആത്മാവ് സാക്ഷീ ഭാവത്തില്‍ എല്ലാറ്റിനേയും വീക്ഷിക്കുന്നു.
എല്ലാ വിഷയങ്ങള്‍ക്കും വികാരങ്ങള്‍ക്കും അപ്പുറമാണ് ആത്മസ്വരൂപം. അതിനെ സ്വയം പ്രകാശമായി നിത്യാനന്ദമായി ചിദാത്മാവായി അറിയണം. അവനവന്റെ യഥാര്‍ത്ഥ സ്വരൂപമായി ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവിനെ സ്വയം സാക്ഷാത്കരിക്കണം. അതിനുള്ള വഴി ഉള്ളിലേക്ക് തിരിയുക എന്നത് തന്നെയാണ്. ആത്മാന്വേഷണമാരംഭിച്ചാല് പുറത്തേക്ക് തുറന്നു വച്ച ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ പുറം വിഷയങ്ങളില്‍ നിന്ന് പിന്‍വലിയും. അകത്തെ ആത്മവിഷയത്തെ താന്‍ തന്നെയായി അനുഭവിക്കാന്‍ തുടര്‍ന്ന് കഴിയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: