തളിപ്പറമ്പ്: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയ്ക്ക് ആനുകൂല്യം കിട്ടാതെ പോകുന്നത് ബഹുഭൂരിപക്ഷം പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍. 2020 ജൂണ്‍ 19ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സര്‍ക്കാര്‍ ഉത്തരവ് (ആര്.ടി)നം2082/2020/പൊ.വി.വ പ്രകാരം സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് വേനലവധിക്കാലത്തേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സ് അനുവദിച്ചിരിക്കുന്നത്.
അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനുള്ള തുകയും ചേരുന്നതാണ് ഭക്ഷ്യ ഭദ്രതാ അലവന്‍സ്. ഈ തുക ഉപയോഗിച്ചാണ് കിറ്റ് വിതരണം ചെയ്യുന്നത്. 2020 ഏപ്രില്‍, മെയ് മാസങ്ങളിലെ 39 ദിവസങ്ങളും മാര്‍ച്ച് മാസം അടച്ചിടല്‍മൂലം നഷ്ടപ്പെട്ട 15 സ്കൂള്‍ ദിവസങ്ങളും കണക്കാക്കിയാണ് പാചക ചെലവിനുള്ള തുക കണക്കാക്കുന്നത്. ഈ പണം ഉപയോഗിച്ച് 2019-20 വര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണത്തിനടിസ്ഥാനത്തിലാണ് കിറ്റ് വിതരണം.
2013ന് മുമ്പ് പ്രീ-പ്രൈമിറക്ക് അംഗീകാരം ലഭിച്ച സ്കൂളിലെ കുട്ടികള്‍ മാത്രമേ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളു. പ്രീ-പ്രൈമറി അനുവദിക്കാത്ത വിദ്യാലയങ്ങളിലെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള റേഷന്‍ വിഹതത്തിന്റെ ഔദാര്യത്തിലാണ് പ്രീ-പ്രൈമറിയിലെ കുട്ടികളും സ്കൂള്‍ ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കുന്നത്. ഇത്തരത്തിലുള്ള വിദ്യാലയങ്ങളില്‍ മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പാചക കൂലിയേ തൊഴിലാളിക്കും കിട്ടുകയുള്ളു.
ഓരോ വര്‍ഷവും ആറാം പ്രവൃത്തി ദിവസത്തെ കണക്ക് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ ആ ഫോറത്തില്‍ പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണവും രേഖപ്പെടുത്താന്‍ സ്ഥലം ഉണ്ട്. എല്ലാ പ്രഥമാധ്യാപകരും ആ കോളം പൂരിപ്പിക്കാറുണ്ടെങ്കിലും വര്‍ഷങ്ങളോളമായി പ്രീ-പ്രൈമറിക്ക് അംഗീകാരം ലഭിക്കാത്ത കുട്ടികളുടെ കണക്ക് ഒന്നിനും പരിഗണിക്കാറില്ല. ഇത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അങ്കണവാടിയില്ത്തന്നെ തുടരുകയാണെങ്കില്‍ അവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ടാല്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലുള്ള പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ആനുകൂല്യം ലഭിക്കും എന്നാണ്. എന്നാല്‍ അത് ലഭിക്കുന്നത് ന്യൂനപക്ഷത്തിനുമാത്രമാണെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: