കണ്ണൂര്‍: മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്ഷന് തട്ടിയ സംഭവത്തില്‍ പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ മാതൃസഹോദരീപുത്രിയുമായ സിപിഎം നേതാവ് സ്വപ്നക്കെതിരെ ഇരിട്ടി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചനാ കുറ്റത്തിന് കേസെടുത്തു. മരിച്ച കൗസു തൊട്ടത്താന്റെ കുടുംബം കഴിഞ്ഞദിവസം സ്വപ്നക്കെതിരെ പരാതി നല്‍കിയിരുന്നു. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട 6,100 രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോഓപറേറ്റീവ് റൂറല്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സ്വപ്ന തട്ടിയെടുക്കുകയായിരുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബാങ്ക് സ്വപ്നയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം പരാതി നല്കി രണ്ടുദിവസമായിട്ടും പോലീസ് കേസെടുത്തിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ നേതാവ് കൂടിയായ സ്വപ്നയുടെ ഉന്നത ബന്ധം കൊണ്ടാണ് പരാതിയില്‍ പൊലീസ് എഫ്ഐആര്‍ പോലും ഇടാത്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നലെ പായം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്.
തളര്‍വാതം വന്ന് ഏഴു വര്‍ഷമായി കിടപ്പിലായിരുന്ന കൗസു കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് മരിച്ചത്. മരിച്ച വിവരം മാര്‍ച്ച് 20ന് മക്കള്‍ പഞ്ചായത്തില്‍ അറിയിക്കുകയും ചെയ്തു. കൗസുവിന്റെ മകളുടെ ഭര്‍ത്താവ് പെന്ഷന് വാങ്ങാന്‍ ഏപ്രിലില്‍ അംഗന്‍വാടിയില്‍ പോയിരുന്നു. പെന്ഷന് വാങ്ങാന്‍ പോയപ്പോള്‍ അമ്മയുടെ പേര് വിളിച്ചിരുന്നെന്നും എന്നാല്‍ അമ്മ മരിച്ചുപോയെന്ന് അറിയിക്കുകയുമായിരുന്നെന്ന് മകളുടെ ഭര്‍ത്താവ് കടുമ്പേരി ഗോപി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അത് മാറ്റിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പണം തങ്ങള്‍ തന്നെ കൈപ്പറ്റി എന്ന് ഒപ്പിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കുടുംബം കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു. സമാനമായ രീതിയില്‍ നിരവധി പേരുടെ പണവും മറ്റാരോ കൈപ്പറ്റിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പായം പഞ്ചായത്തില്‍ 5 കൊല്ലത്തിനിടെ മരിച്ച പെന്ഷന് അര്‍ഹതപ്പെട്ടവരുടെയെല്ലാം പണം പഞ്ചായത്ത് അപഹരിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപി ആവശ്യമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: