ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ ഏതു വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തായറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയിട്ടുണ്ടെങ്കിലും അതും ചര്‍ച്ച ചെയ്യാം, പക്ഷേ, 1962 മുതലുള്ള എല്ലാം ചൈനീസ് കൈയേറ്റങ്ങളും ചര്‍ച്ചയില്‍ വരണമെന്ന് കേന്ദ്ര മന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ മണ്ണ് ചൈന കൈയേറിയെന്നു തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസിനും പാര്‍ട്ടി മുന്‍ പ്രസിഡന്റ് രാഹുലിനുമുള്ള മറുപടിയാണ് അമിത് ഷായുടെ വാക്കുകള്‍. 1962 മുതല്‍ കോണ്‍ഗ്രസ് ഭരിച്ചു കൊണ്ടിരുന്ന കാലങ്ങളിലാണ് ചൈന അതിക്രമിച്ചു കയറി ഇന്ത്യയുടെ ഭൂമി സ്വന്തമാക്കിയത്.
ചൈനീസ് സംഘര്‍ഷം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ 1962 മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം, അമിത് ഷാ ആവശ്യപ്പെട്ടു. ചര്‍ച്ചയെ ആരും ഭയക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ സൈനികര്‍ രാജ്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ പാക്കിസ്ഥാനെയും ചൈനയെയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പ്രതിപക്ഷം നടത്തരുത്, അമിത് ഷാ പറഞ്ഞു. സറണ്ടര്‍ മോദി എന്ന് വിശേഷിപ്പിച്ച രാഹുലിന്റെ ട്വീറ്റ് അമിത് ഷാ പരാമര്‍ശിച്ചു. പാക്കിസ്ഥാനിലെയും ചൈനയിലെയും ചിലരെ ഈ പ്രസ്താവന സന്തോഷിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലം ജനം ഒരിക്കലും മറക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരു അധ്യക്ഷന്‍ വരാത്ത കോണ്‍ഗ്രസ് എന്ത് ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. ഇന്ത്യാ വിരുദ്ധ പ്രചാരണം കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഒരു വലിയ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ പൊള്ളയായ രാഷ്ട്രീയം കളിക്കുന്നത് വേദനാജനകമാണ്. പാക്കിസ്ഥാനെയും ചൈനയേയും തൃപ്തിപ്പെടുത്താനാണ് രാഹുല്‍ ഇങ്ങനെ ചെയ്തത്. ആഴമില്ലാത്ത ചിന്തയിലൂടെ അദ്ദേഹം നടത്തുന്ന പല പരാമര്‍ശങ്ങളും പാകിസ്ഥാനെയും ചൈനയെയും മാത്രം പ്രോത്സാഹിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ രാഹുലും കോണ്‍ഗ്രസും ആത്മപരിശോധന നടത്തേണ്ട സമയമാണ്. എനിക്ക് രാഹുലിനെ ഉപദേശിക്കാന്‍ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ ജോലിയാണ്. ചില ആളുകള്‍ വക്രദൃഷ്ടികളാണ്. ശരിയായ കാര്യത്തില്‍ പോലും അവര്‍ തെറ്റ് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കൊറോണയ്ക്കെതിരെ മികച്ച രീതിയിലാണ് പോരാടിയത്. പ്രധാനമന്ത്രിയുടെ നേതൃത്വം കൊറോണയിലും അതിര്‍ത്തിയിലെ തര്‍ക്കത്തിലും വിജയിക്കും. ദല്‍ഹിയില്‍ സര്‍ക്കാരുകള്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാള് തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ഭാഗമാണെന്നും ഷാ പറഞ്ഞു.
ദല്‍ഹിയില്‍ കൊറോണ കേസുകള്‍ അഞ്ച് ലക്ഷം എത്തില്ല. രാജ്യതലസ്ഥാനത്ത് സമൂഹവ്യാപനവുമില്ല. കൊറോണ രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസം ഇതിനോടകം പരിഹരിച്ചു. ഒരു സമയത്ത് 350 മൃതദേഹങ്ങളാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്താനാവാതെ സൂക്ഷിച്ചിരുന്നത്. രണ്ട് ദിവസത്തിനകം മുഴുവന്‍ മൃതദേഹങ്ങളും മതപരമായ ചടങ്ങുകള്‍ പാലിച്ചുകൊണ്ടു തന്നെ സംസ്ക്കരിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ മൃതദേഹം സംസ്ക്കരിക്കാന്‍ കാത്തുകിടക്കുന്ന അവസ്ഥയില്ല. കൊറോണ മരണം സംഭവിക്കുന്നവരുടെ മൃതദേഹം മതപരമായ കര്‍മ്മങ്ങളോടെ അന്നേദിവസം തന്നെ സംസ്ക്കരിക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗവ്യാപനത്തോത് കുറവാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: