തൃശൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ സ്പിന്നിങ് മില്ലുകളിലെ തൊഴിലാളികള്‍ പട്ടിണിയില്‍. മാസങ്ങളായി തൊഴിലാളികള്‍ക്ക് സ്ഥിരം പണിയില്ല ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് പണി ഉള്ളത്. അസംസ്കൃത വസ്തുക്കള്‍ ലഭിക്കാത്തതാണ് തൊഴിലാളികള്‍ക്ക് എല്ലാ ദിവസവും പണി കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. കൊറോണ രോഗികള്‍ കൂടുതലുള്ള മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് സ്പിന്നിംഗ് മില്ലിലേക്കുള്ള പഞ്ഞിയും മറ്റും എത്തുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങള്‍ കാരണം കേരളത്തിലേക്ക് പഞ്ഞിയുമായുള്ള വാഹനങ്ങള്‍ വരുന്നില്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വളരെ കുറച്ച് ലോഡേ എത്തുന്നുള്ളൂ. ഇക്കാരണത്താല്‍ മില്ലുകള്‍ മാസങ്ങളായി ഏറെക്കുറെ ലേ -ഓഫിലാണ്. ജില്ലയിലെ വിവിധ സ്പിന്നിങ് മില്ലുകളില്‍ 200നും 300നും ഇടയില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. കൃത്യമായി പണിയില്ലാത്തതിനെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിണിലാണിപ്പോള്. ചില മില്ലുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാസം മുതലുള്ള ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട്. ഭൂരിഭാഗം മില്ലുകളിലും പകുതിയോളം തൊഴിലാളികള്‍ക്ക് മാത്രമാണ് പണിയുള്ളത്. കരാര്‍ തൊഴിലാളികള്‍ക്കും ബദലിക്കാര്ക്കും മാസങ്ങളായി പണിയില്ല. സ്ഥിരമായവര്ക്കു പോലും ആഴ്ചയില്‍ രണ്ടു പണിയേ കിട്ടുന്നുള്ളൂ.
മൂന്ന് ഷിഫ്റ്റുകളിലുള്ള കമ്പനികളില്‍ മിക്ക ദിവസവും ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ നിര്‍ധന കുടുംബത്തില്‍പ്പെട്ട തൊഴിലാളികളെല്ലാം വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. പണിയില്ലെങ്കിലും ശമ്പള കുടിശ്ശിക എങ്കിലും കിട്ടിയാല്‍ മതിയെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ശമ്പളത്തിന് പുറമേ തൊഴിലാളികളുടെ ഇഎസ്ഐയും പിഎഫുമെല്ലാം മുടങ്ങിയിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
പഞ്ഞി ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളിലേക്ക് പോലും എംഡി ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് പ്രതിനിധികള്‍ തിരിഞ്ഞുനോക്കുന്നില്ല. ലേ- ഓഫിന്റെ മറവില്‍ തൊഴിലാളികളുടെ ശമ്പളം പകുതിയാക്കാന്‍ ചില മാനേജ്മെന്റ് ശ്രമിക്കുന്നുണ്ടെന്ന തൊഴിലാളികള്‍ പറയുന്നു. കമ്പനിയില്‍നിന്ന് സേവനം അവസാനിപ്പിച്ചവര്‍ക്ക് നിയമപരമായി നല്‍കേണ്ട ആനുകൂല്യങ്ങളൊന്നും ഇതുവരെയും നല്‍കിയിട്ടില്ല. നിരവധിപേരുടെ ഉപജീവന മാര്‍ഗമായ സ്പിന്നിംഗ് മില്ലുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്മെന്റും യൂണിയനുകളും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സര്‍ക്കാര്‍ അവഗണന തുടരുകയാണെങ്കില്‍ താമസിയാതെ സ്പിന്നിങ് മില്ലുകള്‍ അടച്ചുപൂട്ടേണ്ടി വരും. തൊഴില്‍ നഷ്ടപ്പെടുന്നതോടെ ആയിരങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലാളി വിരുദ്ധ സമീപനം സംസ്ഥാന സര്‍ക്കാര്‍ തുടരുന്നപക്ഷം ജീവിക്കാന്‍ വേണ്ടി താമസിയാതെ പ്രക്ഷോഭത്തിന് ഇറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് സ്പിന്നിങ് മില്‍ തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: