ഒറ്റശേഖരമംഗലം: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഖരമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നതുമായ ഒറ്റശേഖരമംഗലം കോളൂര് മഹാദേവര്‍ ക്ഷേത്രഭൂമിയിലെ കയ്യേറ്റത്തിനെതിരെ നിയമപോരാട്ടം ശക്തമാക്കുന്നു. ഒട്ടേറെ നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തി ശ്രദ്ധേയനായ അഡ്വ. കൃഷ്ണരാജ് ക്ഷേത്രം സന്ദര്‍ശിക്കുകയും ക്ഷേത്ര ഭൂമി വിട്ടുകിട്ടാന്‍ നിയമപോരാട്ടം നടത്തിയ സുകുമാരന്‍ നായരുടെ വീട്ടിലെത്തി അദ്ദേഹത്തെ കാണുകയും ചെയ്തു.
കാലങ്ങളായി കോളൂര് ദേവസ്വം ബോര്‍ഡ് ശിവക്ഷേത്രം തകര്‍ക്കപ്പെട്ട നിലയിലാണ്. ക്ഷേത്രഭൂമി ഭൂരിഭാഗവും നഷ്ടപ്പെട്ട നിലയില്‍ ഒറ്റശേഖരമംഗലം-ചെമ്പൂര് റോഡില്‍ കാലായില്‍ ജംഗ്ഷനു സമീപമാണ് ക്ഷേത്രം. അഞ്ചര ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്ന ക്ഷേത്രഭൂമി ഏറെക്കുറെ കയ്യേറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. കയ്യേറിയ ഭൂമിയില്‍ അതതുകാലത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടു കൂടി വ്യാജപട്ടയം നിര്‍മിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇന്ന് ഈ ഭൂമിയില്‍ വീടുകള്‍ നിര്‍മിച്ച് മതിലുകളും വേലികളും പണിത് ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചിരിക്കുകയാണ്. ഒറ്റശേഖരമംഗലം ദേവസ്വം ഗ്രൂപ്പിനു കീഴില്‍ വരുന്ന ക്ഷേത്രത്തില്‍ ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രത്തില്‍ നിന്നുള്ള പൂജാരികളാണ് പൂജാകര്മങ്ങള്ക്കെത്തിയിരുന്നത്. ഭൂമി കയ്യേറിയ പരിസരവാസികളുടെ നേതൃത്വത്തില്‍ ഇവിടെയെത്തുന്ന പൂജാരികളെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവായതോടെ പൂജാരിമാര്‍ എത്താതെയായി. ദേവസ്വം രേഖകളില്‍ ഇപ്പോഴും കോളൂര് മഹാദേവര്‍ ക്ഷേത്രം ഒറ്റശേഖരമംഗലം ഗ്രൂപ്പിനു കീഴില്‍ എന്ന് കാണിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ നിലവിലെ അവസ്ഥ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു ശേഷവും ദേവസ്വംബോര്‍ഡ് ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
പരിസരവാസിയായ വിശ്വാസികള്‍ നല്കിയ കേസില്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ദേവസ്വം ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറോളം പേരെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതി ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം ദേവസ്വം ഭൂമി കണ്ടെത്താനായി തഹസില്‍ദാരെ സമീപിച്ചുവെങ്കിലും അന്നത്തെ അഡീ. തഹസീല്‍ദാര്‍ ക്ഷേത്രത്തിനെതിരായി റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ടിനെതിരെ ആര്‍ഡിഒയ്ക്ക് നല്കിയ പരാതിയിലും കയ്യേറ്റക്കാര്‍ക്ക് അനുകൂല തീരുമാനം ഉണ്ടായതിനെത്തുടര്‍ന്ന് ഇതിനെതിരെ അപ്പീല്‍ നല്കുകയുണ്ടായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ക്ഷേത്രത്തിനെതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. നിലവില്‍ പ്രധാന റോഡില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള പാതകളെല്ലാം അടച്ചനിലയിലാണ്. കോളൂര് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുള്ള പുഴ കടന്ന് വേണം മഹാദേവ ക്ഷേത്രത്തിലെത്താന്‍. പൂജ നിലച്ചതോടെ പല തവണയായി ക്ഷേത്രം തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. കരിങ്കല്‍ മേല്‍ക്കൂര പൂര്‍ണമായും തകര്‍ക്കപ്പെട്ടു കഴിഞ്ഞു. ഒറ്റശേഖരമംഗലം മഹാദേവര്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് വിശ്വാസികള്‍ കോളൂര് മഹാദേവക്ഷേത്രത്തെ കരുതുന്നത്. ക്ഷേത്രഭൂമി വീണ്ടെടുക്കാനും ആരാധനാക്രമം പുനഃസ്ഥാപിക്കാനും ശക്തമായ നിയമപോരാട്ടം ആരംഭിക്കുമെന്ന് അഡ്വ. കൃഷ്ണരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: