തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചാശ്രമം പ്രതിരോധിച്ച വീട്ടമ്മയെയും ഭര്‍തൃമാതാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങല്‍ അസി. സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതി ആറ്റിങ്ങല്‍ അവനവഞ്ചേരി കയ്പ്പട്ട്മുക്ക് വലിയവിള തേമ്പ്രവിള വീട്ടില്‍ അനി എന്ന കുമാറിനെയാണ് ശിക്ഷിച്ചത്. പിഴയൊടുക്കാത്തപക്ഷം 20 മാസത്തെ അധികതടവനുഭവിക്കണം. പിഴത്തുക കൃത്യത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ക്കും തുല്യമായി നല്‍കണം. കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കാനും ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അസി. സെഷന്‍സ് ജഡ്ജി പ്രസുന്‍ മോഹന്‍ വിധിന്യായത്തില്‍ നിര്‍ദേശിച്ചു.
ആറ്റിങ്ങല്‍ കൈപ്പറ്റുമുക്കില് പ്രസാദം ഹൗസില്‍ പ്രസാദിന്റെ ഭാര്യ സുനിതയേയും മാതാവ് സുകുമാരി അമ്മയേയുമാണ് പ്രതി കവര്‍ച്ചയ്ക്കിടെ മാരകമായി വെട്ടി ക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2008 ആഗസ്റ്റ് 30 ന് രാത്രി 9.30 നായിരുന്നു സംഭവം. വീട്ടിന്റെ പുറകുവശത്ത് സുനിത പാത്രം കഴുകിക്കൊണ്ടിരിക്കെ പ്രതി വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്ന് സുനിതയുടെ കഴുത്തില്‍ കിടന്ന മൂന്നു പവന്റെ സ്വര്ണമാലയില് പിടിമുറുക്കി കവര്‍ച്ചയ്ക്ക് ശ്രമിച്ചു. പ്രതിരോധിച്ചപ്പോള്‍ പ്രതി കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സുനിതയെ വെട്ടി. നിലവിളി കേട്ട് ഓടിയെത്തി ഭര്‍തൃമാതാവ് പ്രതിയെ തിരിച്ചറിഞ്ഞ് നിലവിളിച്ചപ്പോള്‍ ഇരുവരെയും പ്രതി തലങ്ങുംവിലങ്ങും വെട്ടി ക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: