വെഞ്ഞാറമൂട്: ഇരുചക്രവാഹനയാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയുടെ രജിസ്ട്രേഷന് വെഞ്ഞാറമൂട്ടില്‍ ആരംഭിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിച്ചാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
അതിരാവിലെ സ്ഥിരമായി നഗരത്തിരക്കിലൂടെ വായുമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളും അനുഭവിച്ച് ജോലിക്കെത്തുമ്പോഴേക്കും ജോലി ചെയ്യാനുള്ള ഊര്‍ജം തന്നെ നഷ്ടമായിട്ടുണ്ടാവും. തുടര്‍ച്ചയായി ഇരുചക്രവാഹനം ഓടിക്കുന്നതു മൂലം കാലക്രമേണ ഉണ്ടാകുന്ന സ്പോണ്ടിലൈറ്റിസ്, നടുവേദന തുടങ്ങിയ അനിവാര്യമായ രോഗാവസ്ഥകളും അവരെ ആശങ്കാകുലരാക്കുന്നുണ്ട്. ബോണ്ട് അഥവാ ബസ് ഓണ്‍ ഡിമാന്റ് എന്ന പദ്ധതിയിലൂടെ ഇതിനൊക്കെ പരിഹാരം കാണുകയാണ് കെഎസ്ആര്‍ടിസി. ഈ പദ്ധതിയുടെ ഭാഗമായി യാത്രക്കാരുടെ ഇരുചക്രവാഹനങ്ങള്‍ ഡിപ്പോയില്‍ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് വഴിയില്‍ നിന്ന് കയറാനും ഇറങ്ങാനുമുളള സൗകര്യം ഉണ്ടായിരിക്കും. ഒരേ ഓഫീസിലെ 10 ല്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരെയെല്ലാം ഒരു ബസില്‍ കൊണ്ടുപോകുന്നതിനുളള അവസരമൊരുക്കും. അവരവരുടെ ഓഫീസിന് മുന്നില്‍ ബസ്സുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും.
പൂര്‍ണമായും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ അണുനശീകരണം ചെയ്ത ബസില്‍ സൗജന്യമായി സാനിറ്റൈസര്‍, ദിനപത്രം എന്നിവയും യാത്രക്കാര്‍ക്ക് നല്‍കും. മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരെയല്ലാതെ മറ്റൊരാളെയും ഇതില്‍ കയറ്റുന്നതല്ല. ഈ സര്‍വീസുകളില്‍ 5,10,15,20,25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രയ്ക്കുള്ള സീസണ് ടിക്കറ്റുകള്‍ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്ന അവസരവുമുണ്ട്. ഈ ബസിലെ യാത്രക്കാര്‍ക്ക് നിലവിലെ ഇന്‍ഷുറന്‍സിന് പുറമേ 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472 2874141, വെഞ്ഞാറമൂട് എടിഒ ബി.എസ്. ഷിജു 9188526720
പ്രതികരിക്കാൻ ഇവിടെ എഴുതുക: