കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇക്ക് പിന്നാലെ മോറട്ടോറിയം ബാധകമല്ലെന്ന് കേരള ബാങ്കും. മുടങ്ങിയ തവണകള്‍ ഗഡുക്കളായി അടയ്ക്കണമെന്ന് വായ്പയെടുത്തവര്‍ക്ക് നിര്‍ദേശം. അടവുകള്‍ വീഴ്ച വന്നവര്‍ വരുംമാസങ്ങളില്‍ വീഴ്ചവന്ന തുകയും പലിശയും നിലവിലെ മാസത്തവണയ്ക്കൊപ്പം അടയ്ക്കണമെന്നാണ് കേരള ബാങ്കിന്റെ ബ്രാഞ്ചുകളില്‍ നിന്നു ഭവന-വ്യക്തിഗത വായ്പയെടുത്ത ഉപഭോക്താക്കളെ അറിയിച്ചത്.
ലോക്ഡൗണ്‍ കണക്കിലെടുത്ത് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ജനങ്ങളെടുത്ത വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മോറട്ടോറിയം ബാധകമല്ലെന്നും മൂന്ന് മാസത്തെ തവണ ഒന്നിച്ചടയ്ക്കണമെന്നും കെഎസ്എഫ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വരികയും പരാതികള്‍ വ്യാപകമാവുകയും ചെയ്തതോടെ ഉപഭോക്താക്കളില്‍ നിന്ന് മോറട്ടോറിയം സംബന്ധിച്ച് ഫോറം പൂരിപ്പിച്ച് നല്കാന് നിര്‍ദേശം നല്‍കുകയും ആവശ്യമുള്ളവര്‍ക്ക് ആഗസ്ത് വരെ വായ്പ തിരിച്ചടയ്ക്കേണ്ടതില്ലെന്നറിയിക്കുകയും ചെയ്യുകയായിരുന്നു.
ലോക്ഡൗണ്‍ കഴിയുന്നതുവരെ വായ്പാ അടവുകള്‍ ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. വീഴ്ച വരുത്താത്ത വായ്പകള്‍ക്ക് ആറ് മാസം വരെ മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം പ്രവര്‍ത്തനം ആരംഭിച്ച കേരള ബാങ്ക് അധികൃതര്‍ മുടങ്ങിയ തവണ ഇപ്പോള്‍തന്നെ മാസത്തവണയോടൊപ്പം കൂട്ടിയടയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: