കുണ്ടറ: കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് വൈകിയതോടെ സ്കൂള്‍ വിപണിയും പ്രതിസന്ധിയില്‍. സ്കൂള്‍ ബാഗുകളുടെയും കുടകളുടെയും വിപണിയാണ് കോവിഡ് ഭീഷണിയില്‍ തകര്‍ന്നത്.
ജൂണിലെ സീസണ് മുഴുവന്‍ വിഴുങ്ങിയ കോവിഡ് വ്യാപാരികള്‍ക്ക് വന്‍നഷ്ടമാണ് വരുത്തി വച്ചത്. മെയ് മാസം പകുതിയോടെയാണ് സ്കൂള്‍ വിപണിയുടെ പ്രധാന സീസണ് ആരംഭിക്കുന്നത്. സ്കൂള്‍ ബാഗുകള്‍, കുട്ടികളുടെ ചെരുപ്പുകള്‍, ഷൂ എന്നിവയുടെ കച്ചവടം മുഴുവന്‍ മെയിലാണ്. മുന്‍വര്‍ഷങ്ങളില്‍ ഒരുദിവസം ശരാശരി 20,000 രൂപയുടെ കച്ചവടമുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ ലോക്ഡൗണ്‍ മൂലം അതൊക്കെ തകര്‍ന്നു. ലോക്ഡൗണില്‍ ഇളവുവരുത്തിയിട്ടും ബാഗും കുടയുമൊക്കെ പേരിനുമാത്രമാണ് വിറ്റുപോയതെന്ന് കുണ്ടറ നഗരത്തിലെ വ്യാപാരികള്‍ പറഞ്ഞു. മിക്ക കടകളിലും വാടക കൊടുക്കാനുള്ള കച്ചവടം പോലും ലഭിക്കാത്ത വ്യാപാര സ്ഥാപനങ്ങളുമുണ്ട്. വരുമാനം കുറഞ്ഞത് ഇവര്‍ക്കെല്ലാം തിരിച്ചടിയായി. ആഗസ്റ്റോടെ സ്കൂളുകള്‍ തുറന്നാല്‍ വിപണി ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: