തിരുവനന്തപുരം: ലോക്ഡൗണ്‍ സമൂഹത്തെയാകെ പിടിച്ചുകുലുക്കിയപ്പോള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ജീവിതത്തോടൊപ്പം കൂട്ടിയ പബ്ലിക് ലൈബ്രറിയില്‍ പോകാന്‍ പറ്റാതെയായി. അതിനു പകരം ആയിരത്തിലധികം പുസ്തകങ്ങളുളള ഗ്രന്ഥാലയം തീര്‍ത്താണ് തലസ്ഥാനത്തെ പബ്ലിക് ലൈബ്രറിയിലെ സീനിയര്‍ ലൈബ്രേറിയന്‍ അശോകന് പുതുപ്പാടി വ്യത്യസ്തനായത്. ജനങ്ങളെയെല്ലാം വീട്ടിലൊതുങ്ങിയപ്പോള്‍ കരമന മേലാറന്നൂര്‍ രാജീവ്നഗര്‍ ഗവ. ക്വാര്‍ട്ടേഴ്സ് ഹാളില്‍ ഏകനായിരുന്ന അശോകന് പുസ്തകങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ത്തു.
2017 ലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പാര്‍പ്പിട സമുച്ചയമായ മേലാറന്നൂര്‍ രാജീവ്നഗര്‍ ഗവ. ക്വാര്‍ട്ടേഴ്സില്‍ ലൈബ്രറിയെന്ന ആശയം കമ്മറ്റി ചര്‍ച്ച ചെയ്തത്. താമസിക്കാതെ ലൈബ്രറിയും തുടങ്ങി. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, ഉേദ്യാഗാര്‍ഥികള്‍, അനൗപചാരിക വിദ്യാഭ്യാസം ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ തുടങ്ങി 600ല്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് വേണ്ടത് വ്യത്യസ്ത തലത്തിലുള്ളവര്ക്കുള്ള ലൈബ്രറിയായിരുന്നു. ആ പോരായ്മയാണ് ഭാരവാഹികള്‍ക്കൊപ്പം അശോകന് ഈ ലോക്ഡൗണ്‍ കാലത്ത് പരിഹരിച്ചത്.
ബാലസാഹിത്യം, നോവല്‍, മത്സര പരീക്ഷയ്ക്കുള്ള ഗൈഡുകള്‍, വിജ്ഞാനഗ്രന്ഥങ്ങള്‍ തുടങ്ങി പുസ്തകശേഖരത്തിന്റെ വൈവിധ്യം ലൈബ്രറിയെ വ്യത്യസ്തമാക്കുന്നു. അനന്തപുരിയിലെ സുമനസ്സുകളുടെ പുസ്തക സംഭാവനയാണ് ലൈബ്രറിക്ക് തുണയായത്. കവി ചുനക്കര രാമന്‍കുട്ടി, സംവിധായകന് വിജയകൃഷ്ണന്, ഡോ. എം.ആര്. തമ്പാന് എന്നിവര്‍ പുസ്തകങ്ങള്‍ നല്കി.
ദിവസവും ജോലിക്കിറങ്ങുംപോലെ റസിഡന്റ്സ് അസോസിയേഷന് ഹാളില്‍ ചെന്ന് പുസ്തകങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ത്തും ഒട്ടിച്ചും ഷെല്ഫിലടുക്കിയും ജോലി തുടര്‍ന്നു. ചിലപ്പോഴത് രാത്രി വരെ നീണ്ടു. കൂടെ കൂടുതല്‍ പുസ്തകത്തിനായുള്ള ശ്രമങ്ങളും തുടങ്ങി. ആ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു. അഞ്ഞൂറോളം പുസ്തകങ്ങള്‍ കൂടി സംഭാവനയായി കിട്ടി. ജൂണ്‍ 19ന് വായനാദിനത്തില്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധതലത്തിലുള്ളവര്ക്കായി ലൈബ്രറിയൊരുക്കിയതിന്റെ സന്തോഷത്തിലാണ് അശോകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: