Categories: Kerala

നാടെങ്ങും വഴിയോരവാണിഭം അതിജീവിക്കാന്‍ വഴികള്‍ തേടി തൊഴില്‍ നഷ്ടപ്പെട്ടവര്‍

Published by

കൊട്ടിയം: ലോക് ഡൗണ്‍ മൂലം തൊഴില്‍നഷ്ടം രൂക്ഷമായതോടെ വഴിയോരക്കച്ചവടക്കാരുടെ എണ്ണം പെരുകി. ദേശീയപാതയോരങ്ങളിലും  മറ്റ് പ്രധാനപ്പെട്ട സംസ്ഥാന ഗ്രാമിണ പാതയോരങ്ങളിലുമെല്ലാം വാഹനങ്ങളില്‍ കൊണ്ടുവന്ന് പച്ചക്കറി, മത്സ്യം, മരച്ചീനി, തേങ്ങ, പഴവര്‍ഗങ്ങള്‍, ചീര തുടങ്ങി മറ്റ് ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. നേരത്തെ വഴിയോരക്കച്ചവടം ചെയ്തിരുന്നവര്‍ത്തന്നെ വില്പനകേന്ദ്രങ്ങള്‍ വിപുലമാക്കി. ഒപ്പം എണ്ണവും കൂട്ടിയിട്ടുണ്ട്.

കുറച്ചുപേര്‍ പിക്കപ്പ് വാന്‍ വാടകയ്‌ക്കെടുത്ത് കപ്പയും പച്ചക്കറിയും വില്ക്കാന്‍ തുടങ്ങി. ഹോള്‍സെയില്‍ കേന്ദ്രങ്ങളില്‍ പോയാണ് സാധനങ്ങളെടുക്കുക. ഇവ ഗ്രാമ നഗര പ്രാദേശങ്ങളിലെ പാതയോരങ്ങളിലെത്തിച്ച് വില്ക്കും. പച്ചക്കറി, കപ്പ, പച്ചക്കായ എന്നിവയുമായി പിക്കപ്പ് വാനുകളിലും പെട്ടിആട്ടോകളിലും നാട്ടിന്‍പുറങ്ങളില്‍ കറങ്ങി വില്ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ഇവ കിട്ടുന്നതുമൂലം കച്ചവടം പൊടിപൊടിക്കുകയാണ്.

ലോക് ഡൗണ്‍ കാലത്ത് ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇതോടെ മറ്റു കടകള്‍വരെ പച്ചക്കറിയും പഴവര്‍ഗങ്ങളും വില്ക്കുന്ന കേന്ദ്രങ്ങളായി. വഴിയോരങ്ങളിലും കച്ചവടക്കാര്‍ കൂടി. കൊട്ടിയം ടൗണിലും പരിസരത്തുംമാത്രം പുതുതായി ഇരുപതിലേറെ കേന്ദ്രങ്ങള്‍ ഇത്തരത്തില്‍ തുറന്നു. കൊല്ലത്തെ മത്സ്യബന്ധനമേഖലകളും ദിവസങ്ങളോളം അടഞ്ഞുകിടന്നതോടെയാണ് ഓരോ പ്രധാനകേന്ദ്രങ്ങളിലും മത്സ്യവില്പനകേന്ദ്രങ്ങള്‍ തുടങ്ങിയത്.  

ഇതെല്ലാം വഴിയോരത്താണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും ഇവ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആദ്യത്തേതുപോലെയുള്ള കച്ചവടമൊന്നും ഇപ്പോഴില്ലെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ബിരിയാണി, പൊറോട്ട, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉണ്ടാക്കി ഓര്‍ഡറനുസരിച്ച് വില്ക്കുന്നതും കൂടിയിട്ടുണ്ട്. ദേശീയപാതയോരത്ത് പുതുതായി തുടങ്ങിയ ബിരിയാണി വില്പനകേന്ദ്രങ്ങള്‍ കാണാം. ഇതിനുപിന്നിലും ഹോട്ടല്‍പണിയും മറ്റും നഷ്ടപ്പെട്ടവരാണ്. ഹോട്ടല്‍ തൊഴിലാളികള്‍ കൊട്ടിയം കേന്ദ്രീകരിച്ച് വന്‍തോതില്‍ ബിരിയാണി ഉണ്ടാക്കി വില്ക്കുന്നുണ്ട്.

അതിജീവനത്തിനായി ആള്‍ക്കാര്‍ ധാരാളമായി ഈ മേഖലയില്‍ എത്തിയതോടെ ആര്‍ക്കും കാര്യമായ മെച്ചമില്ലെന്നാണ് ഇവര്‍ പറയുന്നത്. വഴിയോരക്കച്ചവടം കൂടിയതോടെ ഈ മേഖലയിലെ സ്ഥിരംകച്ചവടക്കാര്‍ പ്രതിസന്ധിയിലായതായി വ്യാപാരികള്‍ പറയുന്നു. നേരത്തെ ലോക്ഡൗണ്‍ കാലത്ത് പച്ചക്കറിക്കടകളിലൊക്കെ നല്ല കച്ചവടം നടന്നിരുന്നെങ്കിലും ഇപ്പോള്‍ തീരെ കുറഞ്ഞു. ഹോട്ടലുകളിലും ആള്‍ക്കാരുടെ വരവുകുറഞ്ഞതായാണ് സ്ഥിരം വ്യാപാരികള്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by