വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് കേന്ദ്രം അടച്ചുപൂട്ടിയത് പ്രവാസികള്‍ക്ക് ദുരിതമായി. കൂടുതല്‍ പേര് വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി തുടങ്ങിയതോടെ പഞ്ചായത്തില്‍ ഹോം ക്വാറന്റൈന് മാത്രമാണ് ഇപ്പോള്‍ ആശ്രയം. പ്രായാധിക്യം, രോഗം തുടങ്ങി പലവിധ കാരണങ്ങളാല്‍ വീടുകളില്‍ നിന്ന് മാറി താമസിക്കാന്‍ കഴിയാത്തവര്‍ കൂടുതല്‍ പ്രയാസത്തിലുമായി.
പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പൊന്മേരി പറമ്പില്‍ ദുബായിയില്‍ നിന്ന് എത്തിയ യുവാവിന് ക്വാറന്റൈന് സൗകര്യം ഇല്ലാത്തത് കാരണം ബുദ്ധിമുട്ടേണ്ടി വന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സി പിടിച്ചാണ് ഇയാള്‍ നാട്ടില്‍ എത്തിയത്. പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വകുപ്പിനെയും നേരത്തെ അറിയിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം. വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകള്‍ എടുത്താണ് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ടാക്സി ഡ്രൈവര്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ പഞ്ചായത്തിലെ ക്വാറന്റൈന് കേന്ദ്രം അടെച്ചന്നാണ് അറിഞ്ഞത്. പ്രായമായ അച്ഛനും അമ്മയും ഉള്ള വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയേണ്ട അവസ്ഥയായി ഇയാള്‍ക്ക്. വീട്ടിലെ മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കു മാറി.
കൂടുതല്‍ പ്രവാസികള്‍ എത്താന്‍ തുടങ്ങിയതോടെ പല പഞ്ചായത്തുകളും കൂടുതല്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടി എടുക്കുന്നതിനിടയില്‍ ഉള്ള കേന്ദ്രവും അടച്ചു പൂട്ടിയ പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: