കോഴിക്കോട്: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ കര്‍ഷകര്‍ക്ക് വെടിവെച്ചു കൊല്ലാമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യത്തെ കാട്ടുപന്നി കോടഞ്ചേരി പഞ്ചായത്തില്‍ വെടിയേറ്റു ചത്തു. മൈക്കാവ് സ്വദേശി ജോര്‍ജ് ജോസഫാണ് തന്റെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ച ശേഷം കാട്ടുപന്നിയുടെ ജഡം സംസ്കരിച്ചു.
കാട്ടുപന്നികള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രത്തിലെത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കല്‍ പതിവായ കോടഞ്ചേരി പഞ്ചായത്തിലാണ് ജില്ലയില്‍ പന്നികളെ വെടിവെക്കാന്‍ ആദ്യമായി കര്‍ഷകര്‍ക്ക് അനുമതി ലഭിച്ചത്. കാട്ടുപന്നി ശല്യം രൂക്ഷമായ ആറ് വാര്‍ഡുകളില്‍ നിന്നുള്ള ആറ് കര്‍ഷകര്‍ക്കാണ് കോഴിക്കോട് ഡിഎഫ്ഒ ആറ് മാസത്തേക്ക് പന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കിയത്. അധികൃതരുടെ അനുമതി ലഭിച്ച് ദിവസങ്ങള്‍ക്കകം മൈക്കാവ് ആനിക്കോട് എടപ്പാട്ട് കാവുങ്ങല്‍ ജോര്‍ജ് ജോസഫ് തന്റെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചിട്ടു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് നിയമാനുസൃതം കര്ഷകന് കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നത്.
പന്നിയെ വെടിവെച്ചു കൊന്ന വിവരം അറിഞ്ഞ് വനപാലകര്‍ സ്ഥല ത്തെത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നൂറു കിലോയോളം തൂക്കം വരുന്ന പന്നിയുടെ ജഡം ആനക്കാംപൊയിലിലെ സെക്ഷന്‍ ഹെഡ് ക്വാര്ട്ടേഴ്സിലെത്തിക്കുകയും അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സത്യന് പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തു. തുടര്‍ന്ന് ശാസ്ത്രീയരീതിയില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: