മലപ്പുറം: കള്ളനോട്ടുകളും നിര്‍മ്മാണ ഉപകരണങ്ങളുമായി തമിഴ്നാട് സ്വദേശി മലപ്പുറം കൊണ്ടോട്ടിയില്‍ പിടിയില്‍. തമിഴ്നാട് ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷ്(24)നെയാണ് കള്ളനോട്ട് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെ കൊണ്ടോട്ടി സിഐ കെ.എം.ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. 200 രൂപയുടെ 20 കള്ളനോട്ടുകള്‍ സഹിതമാണ് പ്രതി പിടിയിലായത്.
ഗൂഡല്ലൂര്‍ താമസിച്ചു വരവെ 2011ല്‍ സ്വന്തം പിതാവിനെ അമ്മയും ഇയാളും കൂടി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്നു.
ലോക്ഡൗണ്‍ സമയത്ത് യുട്യൂബില്‍ നിന്നാണ് കള്ളനോട്ട് നിര്‍മ്മിക്കുന്നത് കണ്ടുപഠിച്ചത്. തുടര്‍ന്ന് കമ്പ്യൂട്ടറും മറ്റും വാങ്ങി കള്ളനോട്ട് നിര്‍മാണം തുടങ്ങുകയായിരുന്നു. ഇയാള്‍ ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ പിന്നിലുള്ള താമസ സ്ഥലത്ത് വെച്ചാണ് നോട്ടുകള്‍ അച്ചടിച്ചിരുന്നത്. ലോക്ഡൗണ്‍ മൂലം മറ്റ് ജോലിക്കാരൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. രാത്രി 12ന് ശേഷം ഇവിടെയെത്തി നോട്ടുകള്‍ നിര്‍മിച്ച് രാവിലെ തിരിച്ചുപോകുന്നതായിരുന്നു പതിവ്. പെട്ടെന്ന് ചിലവാക്കാന്‍ കഴിയുമെന്നതിനാല്‍ 200, 500 രൂപയുടെ നോട്ടുകളാണ് കൂടുതലും അച്ചടിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നോട്ടില്‍ ത്രഡ് ഇടാന്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കമ്പ്യൂട്ടറും, നോട്ടടിക്കാന്‍ ഉപയോഗിച്ച പേപ്പറുകളും മറ്റും കാരക്കുന്നിലെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പെട്രോള്‍ പമ്പുകള്‍, ബാറുകള്‍, പലചരക്ക് കടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും നോട്ടുകള്‍ ചിലവാക്കിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: