മൂലമറ്റം: മഴക്കാലത്ത് പുറത്ത് കടക്കാനാകാതെ ഒരു കുടുംബം ബുദ്ധിമുട്ടുന്നത് കണ്ടറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകര്‍ മുളകൊണ്ടുള്ള താത്കാലിക നടപ്പാലം നിര്‍മ്മിച്ച് നല്കി. ജലന്തര്‍ സിറ്റി മിച്ചഭൂമിയില്‍ താമസിക്കുന്ന വളയംതൊട്ടി സണ്ണിയുടെ കുടുബത്തിനാണ് സേവാഭാരതി കൈതാങ്ങായത്.
വീടിന് സമീപമുള്ള തോട്ടില്‍ മഴക്കാലത്ത് വെള്ളമെത്തുന്നതിനാല്‍ തോട് മുറിച്ച് കടന്ന് മൂലമറ്റം ഭാഗത്തേക്ക് ഈ കുടുബത്തിന് എത്തുവാന്‍ സാധിച്ചിരുന്നില്ല. ശക്തമായ മഴ മാറി വെള്ളത്തിന്റെ അളവ് തോട്ടില്‍ കുറയുമ്പോള്‍ ആണ് ഇവര്‍ അക്കരെ കടന്നിരുന്നത്. ഇവരുടെ ദുരിതജീവിതം മനസിലാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ ഈ കുടുബത്തിന് താത്കാലികമായി പാലം നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.
മുള ഉപയോഗിച്ച് നിര്‍മ്മിച്ച പാലത്തിലൂടെ മഴക്കാലത്തും അക്കരെ ഇക്കരെ കടക്കുവാന്‍ ഇനി ഈ കുടുബത്തിന് സാധിക്കും. സണ്ണിയുടെ അമ്മയും, സഹോദരിയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുബത്തിന് ഏറെ ആശ്വാസമായി താത്കാലിക പാലം.
സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും പാലം നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഡി. രാജീവ്, ചിത്തിര ഷാജി, മനോജ് പുളിക്കല്‍, കണ്ണന് ആശ്രമം, ജോര്‍ജ് പഞ്ഞികുന്നേല്‍, ഉത്രാടം കണ്ണന് എന്നിവരാണ് പാലം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: