കോഴിക്കോട്: ഇന്ത്യയില്‍ സാമുദായിക രാഷ്ട്രീയത്തിന്റെ ഉദയം ഖിലാഫത്ത് പ്രസ്ഥാനത്തോടെയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നതിലും 1947 ലെ വിഭജനത്തിനും ഖിലാഫത്ത് വഹിച്ച പങ്കിനെക്കുറിച്ച് പുനര്‍വായന ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ആരിഫ് മുഹമ്മദ് ഖാന് എഴുതിയ ടെക്സ്റ്റ് ആന്റ് കോണ്ടെക്സ്റ്റ് എന്ന പുസ്തകത്തിലാണ് ഖിലാഫത്തിനെ ഗവര്‍ണര്‍ ഇങ്ങിനെ വിശദീകരിക്കുന്നത്. തുര്‍ക്കിയിലെ യുവ നേതൃത്വം തങ്ങളുടെ രാജ്യത്തെ ആധുനികതയുടെയും പുരോഗതിയുടെയും പാതയിലേക്ക് നയിക്കുകയായിരുന്നു. അറബികളാകട്ടെ സ്വയംഭരണത്തിനുള്ള അവകാശം ഉറപ്പിക്കുകയായിരുന്നു അന്ന് ചെയ്തത്. എന്നാല്‍ ക്ഷയിച്ചു കൊണ്ടിരിക്കുന്ന സ്വേച്ഛാധിപത്യ ഭരണവംശത്തെ മതത്തിന്റെ പേരില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതൃത്വം ചെയ്തത്. ഇസ്ലാമിക ശരിയത്തിന് എല്ലാ കാലത്തും ഒരു ഖലീഫയുടെയും ഇമാമിന്റെയും സാന്നിദ്ധ്യം ആവശ്യമാണെന്നായിരുന്നു 1920 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനം ആവശ്യപ്പെട്ടത്.
ഇസ്ലാമിക നിയമം നടപ്പാക്കാനും മുസ്ലിം ജനതയെ രക്ഷിക്കാനുമാണ് പരാമധികാരമുള്ള ഒരു മുസ്ലിം ഭരണാധികാരിയെന്ന നിലയില്‍ ഖലീഫയെ സമ്മേളനം വിലയിരുത്തിയത്. ഓട്ടോമന്‍ സുല്‍ത്താന്‍ മുസ്ലീംങ്ങളുടെ ആഗോള ഖലീഫയാണെന്നും സമ്മേളനം പറഞ്ഞു. ഓട്ടോമന്‍ രാജ്യത്തിന് പുറത്തുള്ള മുസ്ലീങ്ങളും ഇതിലുള്‍പ്പെടുമെന്ന് സമ്മേളനം വിശദീകരിച്ചു. സുല്‍ത്താന്റെ കല്പനകള് അനുസരിക്കാത്ത മുസ്ലീങ്ങള്‍ ഇസ്ലാമിന് പുറത്തായിരിക്കുമെന്നാണ് ഖിലാഫത്ത് സമ്മേളനം വിലയിരുത്തിയത്. പിന്നീട് നാല് വര്‍ഷം ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമായി ഖിലാഫത്ത് വളര്‍ന്നെങ്കിലും മാപ്പിള കലാപവും ചൗരിചൗരാ ആക്രമണവുമാണ് സമരം പിന്‍വലിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാന് വിശദീകരിക്കുന്നു. 2010 ലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്റെ ടെക്സ്റ്റ് ആന്റ് കോണ്ടെക്സ്റ്റ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: